ഡിഎ സന്ദേശത്തിലെ ഹൈക്കോടതി വിധി; പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് എം ബി രാജേഷ്

പ്രതിപക്ഷം കോടതിയില്‍ പോയതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു

ഡിഎ സന്ദേശത്തിലെ ഹൈക്കോടതി വിധി; പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് എം ബി രാജേഷ്
dot image

തിരുവനന്തപുരം: ഡാറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് ഗുഡ് ഗവര്‍ണന്‍സിന്റെ ഭാഗമാണ്. അതാണ് കോടതിയും ഇന്ന് നിരീക്ഷിച്ചത്.

പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്നും അവർ കോടതിയില്‍ പോയതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കുടില രാഷ്ട്രീയ ലക്ഷ്യവുമായി എടുത്തുചാടുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു വിധി വാങ്ങി തന്നതില്‍ പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്നാണ് ഹൈക്കോടതി ഇന്ന് നിരീക്ഷിച്ചത്. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കാനും ഹൈക്കോടതി അനുമതി നല്‍കി. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധത. ക്ഷേമരാഷ്ട്രത്തില്‍ ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിക വിദ്യ. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഡിഎ സന്ദേശം അയച്ചത്. മൂന്നാംകക്ഷിയല്ല സന്ദേശം അയയ്ക്കുന്നത്. ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചത്.

സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണ് എന്ന് ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഐടി മിഷന് നിരവധി സെന്‍ഡര്‍ ഐഡി ഉണ്ട്. അതിലൊന്നാണ് ചീഫ് മിനിസ്റ്ററുടെ ഓഫീസ്, കേരള എന്ന ഐഡി. മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനാണ് മെറ്റയുടെ വെരിഫൈഡ് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിച്ചിരുന്നു.

Content Highlights: mb rajesh about data leakage case verdict by kerala high court

dot image
To advertise here,contact us
dot image