

പാലക്കാട്: തെറ്റ് തിരുത്തിയാൽ പി കെ ശശിക്ക് വീണ്ടും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. ഇതിന് മുൻപും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നും ശശിയ്ക്ക് വ്യക്തികേന്ദ്രീകൃതമായ താത്പര്യമാണുള്ളത് എന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
ശശിയോളം ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു സിപിഐഎം നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ല എന്നും കൃഷ്ണദാസ് പറഞ്ഞു. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും ശശി പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്. സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. പാർട്ടിയാണ് ശരിയെന്ന് ശശിക്കും പുറത്ത് പോയവർക്കും പിന്നീട് ബോധ്യമാകും. പി കെ ശശിയും ജില്ല സെക്രട്ടറിയും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമാണോ എന്ന് അവരാണ് പറയേണ്ടത് എന്നും ജില്ലാ സെക്രട്ടറിയ്ക്കെതിരെ ശശി തെളിവ് പുറത്തുവിട്ടാൽ അദ്ദേഹം മറുപടി പറയുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ഇന്നലെ പാലക്കാട് നടന്ന സിപിഐഎം വിമതരുടെ കൺവെൻഷനിൽ പാലക്കാട്ടെ പാർട്ടിക്കെതിരെ രൂക്ഷവിമര്ശനമാണ് പി കെ ശശി ഉന്നയിച്ചത്. ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണിത് എന്നും അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടവരുടെ രോഷപ്രകടനമാണ് ഇവിടെ കാണുന്നത് എന്നുമാണ് ശശി പറഞ്ഞത്.
സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെയും പി കെ ശശി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരന്‍ കയറിയിരിക്കുന്നത് എന്നാണ് പി കെ ശശി പറഞ്ഞത്.തങ്ങള്‍ അതിനെ ചോദ്യം ചെയ്തു. അതിന് തങ്ങളെ ക്രൂരമായി വേട്ടയാടി. വര്‍ഷങ്ങളോളം തങ്ങള്‍ കാത്തിരുന്നു. ഇനിയും സഹിക്കാന്‍ വയ്യാത്ത, ഉശിരുള്ളവരാണ് കണ്‍വെന്‍ഷന്‍ കൂടുന്നത്. അനീതിയെ തുടച്ചുനീക്കാനാണ് ഈ പ്രതിഷേധമെന്നാണ് പി കെ ശശി പറഞ്ഞത്.
ശശിക്ക് മറുപടിയുമായി ഇ എന്‍ സുരേഷ് ബാബു രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് ഇടക്ക് പുറത്തുപോകുകയും തിരിച്ചുവരികയും ചെയ്തിരുന്ന ആളാണ് പി കെ ശശി. ഇത്തരത്തിൽ ഒരാളുടെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും നിസ്സാരമായി അവഗണിച്ചുതള്ളുകയാണെന്നുമാണ് സുരേഷ് ബാബു പറഞ്ഞത്. പിന്നാലെ പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. മണ്ണാര്‍ക്കാടാണ് ആഹ്ലാദ പ്രകടനം നടന്നത്. പടക്കം പൊട്ടിച്ചും, ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പി കെ ശശി , ഇല്ലെങ്കില്‍ വെറും ശശിയെന്ന് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പരിഹസിച്ചിരുന്നു.
Content Highlights: CPI(M) leader NN Krishnadas says PK Sasi may rejoin the party if past mistakes are corrected, noting it is a personal interest and reconciliation is possible.