

ആലപ്പുഴ: മെമ്പർഷിപ്പ് വിവാദങ്ങൾക്ക് പിന്നാലെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനായുള്ള ശ്രമവുമായി സിപിഐഎം. മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിന്റെ ചടങ്ങിലേക്ക് ജി സുധാകരനെ ക്ഷണിച്ചു. ചടങ്ങിന്റെ നോട്ടീസിൽ സുധാകരന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പിന്നാലെ അനുനയ നീക്കവും സിപിഐഎം സജീവമാക്കി. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ഹരിശങ്കർ എന്നിവർ നേരിട്ട് സുധാകരന്റെ പുന്നപ്രയിലെ വസതിയിലെത്തി. മൂവരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം വിഷയം ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന് നേതാക്കൾ സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരിപാടിയിൽ പങ്കെടുക്കില്ല എന്നും സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. ഫോണിൽ വിളിച്ച മുഹമ്മദ് റിയാസിനോടാണ് സുധാകരൻ ഇക്കാര്യം അറിയിച്ചത്.
പാർട്ടിയുമായി അത്ര നല്ല ബന്ധമല്ലാത്തതിനാൽ ജില്ലയിലെ സർക്കാർ പരിപാടികളിൽ സുധാകരനെ ക്ഷണിച്ചിരുന്നില്ല. വീടിന്റെ മുൻപിൽ നടക്കുന്ന പരിപാടിയിൽ പോലും ക്ഷണിക്കുന്നില്ല എന്നായിരുന്നു ജി സുധാകരന്റെ പരിഭവം. സുധാകരൻ തുടങ്ങിവച്ച പല പദ്ധതികളുടെ ഉദ്‌ഘാടനത്തിൽ പോലും അദ്ദേഹത്തെ പങ്കെടുപ്പിക്കാറില്ലായിരുന്നു. ഇതും എം വി ഗോവിന്ദന്റെ പരിഹാസവും തുറന്നുപറഞ്ഞ് ഫേസ്ബുക്കിൽ സുധാകരൻ പോസ്റ്റ് ഇട്ടിരുന്നു.
പിന്നാലെ ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ അനുനയനീക്കവുമായി രംഗത്തെത്തിയിരുന്നു. ആർ നാസർ വിളിച്ചപ്പോൾ സുധാകരൻ ഫോൺ എടുത്തില്ല. പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് താൻ ചിരിച്ചതെന്നും പരിഹസിച്ചതല്ലെന്നും എം വി ഗോവിന്ദൻ സുധാകരനെ ഫോണിൽ ധരിപ്പിച്ചിരുന്നു.
63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിടത്തുനിന്നാണ് ജി സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം. പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന തരത്തിൽ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരൻ ആരോപിച്ചിരുന്നു.
Content Highlights: cpim includes g sudhakaran in perumbalam bridge inaugration notice. move comes after repeated exclusion of sudhakaran from party, government programmes