കേരളത്തിന് അതിവേഗ റെയിൽ പദ്ധതി നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം: ജോൺ ബ്രിട്ടാസ് എംപി

ഇനി അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി വ്യക്തമാക്കിയെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു

കേരളത്തിന് അതിവേഗ റെയിൽ പദ്ധതി നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം: ജോൺ ബ്രിട്ടാസ് എംപി
dot image

ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എം പി. കേരളത്തിന് അതിവേഗ റെയില്‍ പദ്ധതി നഷ്ടമായത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി വിമർശിച്ചു. ഇനി അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളാന്‍ വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീധരന്റെ പദ്ധതി പഠിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതാണെന്നും എന്നാല്‍ സര്‍ക്കാര്‍ പദ്ധതി തള്ളിയതോടെ കേന്ദ്രവും കയ്യൊഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് കേന്ദ്രത്തിന് കൂടുതല്‍ സൗകര്യപ്രദമായെന്നും ജോണ്‍ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.

പാലക്കാട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെട്ടതിന് ഉത്തരവാദിത്വം കോണ്‍ഗ്രസിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പാലക്കാടിന് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത് ഇന്ദിരാ ഗാന്ധിയാണെന്നും ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരുന്നപ്പോള്‍ തുക വകയിരുത്തിയെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായപ്പോള്‍ ഒന്നും ചെയ്തില്ലെന്നും ജോണ്‍ ബ്രിട്ടാസ് വിമർശിച്ചു.

അതിവേഗ റെയിൽ പദ്ധതിയും കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഇന്ന് രാജ്യസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിൽ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. റെയില്‍വേക്ക് നിലവില്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്ന് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടും കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു.

Content Highlights: John Brittas MP has criticised the Kerala government over its approach to the high-speed rail project.

dot image
To advertise here,contact us
dot image