'വീണ്ടും ലോഡ് ഷെഡ്ഡിങ്, സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ'; ദേശാഭിമാനിയിൽ അടക്കം വന്ന 'വാർത്ത'യ്ക്ക് പിന്നിൽ

ദേശാഭിമാനി, മാധ്യമം, ദ ഹിന്ദു അടക്കം നൽകിയ 'വാർത്ത'യ്ക്ക് പിന്നിൽ

'വീണ്ടും ലോഡ് ഷെഡ്ഡിങ്, സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ'; ദേശാഭിമാനിയിൽ അടക്കം വന്ന 'വാർത്ത'യ്ക്ക് പിന്നിൽ
dot image

കൊച്ചി: ഇന്ന് രാവിലെ ദേശാഭിമാനി പത്രമെടുത്ത് വായിക്കുമ്പോള്‍ ഒരു അമ്പരപ്പ് ഉണ്ടാകും. കാരണം ഒന്നാം പേജില്‍ ദേശാഭിമാനി പോലെ ഒരു പത്രം നല്‍കുന്ന വാര്‍ത്തയേ അല്ല ഉള്ളത്. 'ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം' എന്നിങ്ങനെയെല്ലാമാണ് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ വാര്‍ത്തയല്ല. പിആര്‍ഡി നല്‍കിയിരിക്കുന്ന പരസ്യമാണ്. ദേശാഭിമാനിയില്‍ മാത്രമല്ല, ദ ഹിന്ദു, മാധ്യമം തുടങ്ങിയ പത്രങ്ങളും ഇത് നല്‍കിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പിണറായി വിജയന്‍ സര്‍ക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടാണ് ഇത് നല്‍കിയിരിക്കുന്നത്. ഒന്നാം പേജില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളം അനുഭവിച്ച ബുദ്ധിമുട്ടുകളെന്ന് ഇടതുമുന്നണി ആരോപിക്കുന്ന കാര്യങ്ങളാണ് ഉള്ളതെങ്കില്‍

രണ്ടാം പേജില്‍ പിണറായി വിജയന്റെ കാലത്ത് ഇതേ കാര്യങ്ങള്‍ പരിഹരിച്ചതായി പറയുന്നു. രണ്ട് ഭരണകാലഘട്ടങ്ങളെ താരതമ്യം ചെയ്തുകൊണ്ടാണ് 'വാര്‍ത്ത' നല്‍കിയിരിക്കുന്നത്. 'കേരളം ഇനി മുതല്‍ ഇരുട്ടില്‍, ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്' എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഉദ്ദേശിച്ച് പറയുമ്പോള്‍ 'പവര്‍ക്കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍, കേരളത്തില്‍ വെളിച്ച വിപ്ലവം' എന്നാണ് പിണറായി സര്‍ക്കാരിന്റെ ഭരണകാലം ചൂണ്ടിക്കാട്ടി പറയുന്നത്. 'കുട്ടികള്‍ എവിടെപ്പോയി പഠിക്കും, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍' എന്നാണ് ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ വിദ്യാഭ്യാസ രംഗത്തെ കുറിച്ച് പറയുന്നത്. രണ്ടാം പേജിലേക്ക് വരുമ്പോള്‍ ആദ്യ പേജിന്റെ അതേ സ്ഥാനത്ത് നല്‍കിയിരിക്കുന്നത് ഇങ്ങനെ, 'പുതുശോഭയില്‍ പൊതുവിദ്യാഭ്യാസം, 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി പൂര്‍ത്തിയായി'.

മറ്റൊരു പ്രധാന താരതമ്യം ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. 'ഓണത്തിനും ക്ഷേമമില്ല, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം' എന്നാണ് ഒന്നാം പേജില്‍ എങ്കില്‍ '2000 രൂപ വീതം അറുപത്തിരണ്ട് ലക്ഷം പേര്‍ക്ക്, മുടങ്ങാതെ പെന്‍ഷന്‍, കൈനിറയെ ക്ഷേമം' എന്നാണ് നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, ദേശീയപാത സ്ഥലമേറ്റെടുപ്പ്, പാഠപുസ്തക വിതരണം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അടക്കമുള്ളയും താരതമ്യം ചെയ്തിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിയില്‍ മാസം 124 കോടിയോളം രൂപയുടെ നഷ്ടമാണെങ്കില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്ലാ ഡിപ്പോകളും ലാഭത്തിലാണെന്നാണ് പറയുന്നത്. യുഡിഫ് ഭരണകാലത്ത് 'പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ'യാണെങ്കില്‍ എല്‍ഡിഎഫ് ഭരണകാലത്ത് 'പാഠപുസ്തകങ്ങള്‍ സ്‌കൂളുകള്‍ തുറക്കും മുമ്പേ' ആണ്. മന്ത്രിമാരുടെ പ്രതികരണങ്ങളും താരതമ്യം ചെയ്ത് നല്‍കിയിട്ടുണ്ട്. 'കളറായതുകൊണ്ട് വൈകി' എന്നാണ് യുഡിഎഫ് മന്ത്രി പറയുന്നതെങ്കില്‍ 'ഫോട്ടോ സ്റ്റാറ്റ് ഇനി വേണ്ട' എന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രി പറഞ്ഞത്. 'എങ്ങുമെത്താതെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി-വികസനത്തിന് ഇന്ധനമായി ഗെയ്ല്‍, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനം ട്രഷറി കാലി-ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കി സര്‍ക്കാര്‍, ടാറിനും കുടിശ്ശിക, റോഡ് പണി നിലച്ചു-റോഡുകള്‍ ഹൈടെക്ക്, ശമ്പളം നല്‍കാന്‍ എല്‍ഐസിയില്‍ നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍-ശമ്പളവും ക്ഷേമവും മുടങ്ങാതെ കേരളം, മരുന്നില്ലാതെ ആശുപത്രികള്‍-ആരോഗ്യമേഖലയില്‍ ഫെബ്രുവരിയില്‍ 2,789 കോടിയുടെ പദ്ധതികള്‍' തുടങ്ങിയവയും നല്‍കിയിട്ടുണ്ട്.

Content Highlights- A report suggesting the return of load shedding in Kerala and possible school closures, published in Deshabhimani, has triggered discussion online

dot image
To advertise here,contact us
dot image