

കണ്ണൂർ: ഇടതുപക്ഷത്തിന് അപൂർവ്വമായി മാത്രം വിജയിക്കാൻ സാധിച്ചിട്ടുള്ള മണ്ഡലമാണ് പേരാവൂർ. സിപിഐഎമ്മിന് ഒരിക്കൽ മാത്രമാണ് പേരാവൂരിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. സിപിഐഎം ചിഹ്നത്തിൽ മത്സരിച്ച കെ കെ ശൈലജ 2006ലാണ് ഇവിടെ സിപിഐഎമ്മിനായി ആദ്യ വിജയം കുറിച്ചത്. 2011ൽ കെ കെ ശൈലജയെ പരാജയപ്പെടുത്തിയ സണ്ണി ജോസഫാണ് കഴിഞ്ഞ മൂന്ന് ടേമായി പേരാവൂരിൽ നിന്ന് വിജയിക്കുന്നത്. 2016ൽ 7989 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു സണ്ണി ജോസഫിൻ്റെ വിജയം. 2021ൽ സണ്ണി ജോസഫിൻ്റെ ഭൂരിപക്ഷം 3172 ആയി കുറഞ്ഞിരുന്നു.
ഇരിട്ടി നഗരസഭ അടക്കം പേരാവൂർ മണ്ഡലത്തിൽ വരുന്ന ഒൻപത് തദ്ദേശ സ്ഥാപനങ്ങളില്‍ നാലിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ് ഭരണത്തിലുള്ളത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്സഭാ മണ്ഡലതത്തിൻ്റെ ഭാഗമായ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ 23,481 വോട്ടിൻ്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
കെപിസിസി അധ്യക്ഷൻ കൂടിയായ സിറ്റിംഗ് എംഎൽഎ സണ്ണി ജോസഫിനെ തന്നെ കോൺഗ്രസ് വീണ്ടും മത്സരരംഗത്തേയ്ക്ക് ഇറക്കിയേക്കും. സംഘടനാ ചുമതലകൾ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി സണ്ണി ജോസഫ് മത്സരരംഗത്ത് നിന്ന് മാറിനിന്നാൽ കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവരെ കോൺഗ്രസ് പരിഗണിച്ചേക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയെയാണ് പേരാവൂരിൽ സിപിഐഎം ജില്ലാ നേതൃത്വം പരിഗണിക്കുന്നത്. കെ കെ ശൈലജ മത്സരരംഗത്തില്ലെങ്കിൽ 2021ൽ സണ്ണി ജോസഫിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച കെ വി സക്കീർ ഹുസൈനെ സിപിഐഎം പരിഗണിച്ചേക്കും. എം ആർ സുമേഷ്, സത്യൻ കൊമ്മേരി, ബേബി സോജി എന്നിവരെയാണ് ബിജെപി പരിഗണിക്കുന്നത്.
Content Highlights: In the 2026 Kerala Assembly polls, CPI(M)'s KK Shailaja faces off against Congress state chief Sunny Joseph in Peravoor. Explore candidate profiles, election updates, and who could replace Sunny if he steps aside in this key Kannur seat