കുന്ദമംഗലം പി ടി എ റഹീമിന്‍റെ കൈകളില്‍ സുരക്ഷിതമോ? കരുത്തനെ തന്നെ രംഗത്തിറക്കാന്‍ യുഡിഎഫും

ബിജെപി എ ക്ലാസ് മണ്ഡലമായി പട്ടികപ്പെടുത്തിയിട്ടുള്ള മണ്ഡലം കൂടിയാണ് കുന്ദമംഗലം

കുന്ദമംഗലം പി ടി എ റഹീമിന്‍റെ കൈകളില്‍ സുരക്ഷിതമോ? കരുത്തനെ തന്നെ രംഗത്തിറക്കാന്‍ യുഡിഎഫും
dot image

കോഴിക്കോട്: പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. കഴിഞ്ഞ തവണ സീറ്റ് ലീഗിന് വിട്ടു നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ പൊതുസ്വതന്ത്രനായി നിർത്തിയുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു. നാലാം വിജയം തേടി പിടിഎ റഹീം ഇത്തവണയും ഇടതു സ്വതന്ത്രനായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലത്തില്‍ മികച്ച സ്ഥാനാർത്ഥിയെ തന്നെ നിർത്തി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. ബിജെപി എ ക്ലാസ് മണ്ഡലമായി പട്ടികപ്പെടുത്തിയിട്ടുള്ള മണ്ഡലം കൂടിയാണ് കുന്ദമംഗലം.

കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നിന്നു. സിപിഐഎം ശക്തികേന്ദ്രമായ ഒളവണ്ണ പഞ്ചായത്ത് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 23302 വോട്ടിന്‍റെ ഭൂരിപക്ഷവും യുഡിഎഫ് നേടി. ഈ കണക്കുകള്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പിടിഎ റഹീം കൊണ്ടുവരുന്ന വോട്ടുകളിലാണ് ഇത്തവണയും എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം. 2021 ല്‍ ദിനേശ് പെരുമണ്ണയ്ക്കെതിരെ 10276 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പിടിഎ റഹീമിന് ലഭിച്ചത്.

എല്‍ഡിഎഫില്‍ ഇത്തവണയും യുഡിഎഫ് തന്നെയാകും സ്ഥാനാർത്ഥി. മണ്ഡലത്തിലെ പ്രവർത്തനങ്ങള്‍ അദ്ദേഹം സജീവമാക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പിടിഎ റഹീം മാറുകയാണെങ്കില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫിന്‍റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. യുഡിഎഫിലേക്ക് വരികയാണെങ്കില്‍ കുന്ദമംഗലം സീറ്റില്‍ സിഎംപിക്ക് താല്‍പര്യമുണ്ട്. സി.എന്‍ വിജയകൃഷ്ണന് വേണ്ടിയാണ് സിഎംപി സീറ്റ് ചോദിക്കുന്നത്.

ലീഗ് തന്നെയാണ് യുഡിഎഫില്‍ കുന്ദമംഗലത്ത് മത്സരിക്കുന്നതെങ്കില്‍ പ്രാദേശികമായ സ്വാധീനമുള്ള നേതാവിനെയാണ് പാർട്ടി തേടുന്നത്. പെരുവയൽ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് പി കെ ഷറഫുദ്ധീന്‍റെ പേരിനാണ് പ്രഥമ പരിഗണന. മുന്‍ എംഎല്‍എ യുസി രാമന്‍, ഫാത്തിമ തെഹ്ലിയ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. ജില്ലയിലെ സ്ഥാനാർത്ഥി സമവാക്യങ്ങള്‍ മാറി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസ് തന്നെ കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയാല്‍ അത്ഭുതപ്പെടാനില്ല.

2016ല്‍ സി കെ പത്മനാഭന് 32702 വോട്ടുകള്‍ നേടാന്‍ സാധിച്ചതാണ് മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ എന്‍ഡിഎയുടെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ തവണ വികെ സജീവന് 27672 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. ഇത്തവണ വികെ സജീവന്‍ സ്ഥനാർത്ഥിയാകാനാണ് സാധ്യത. യുവമോർച്ച നേതാവ് കെ ഗണേഷ്, ടി പി ജയചന്ദ്രന്‍ എന്നിവരുടെ പേരും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

2021 ലെ തെരഞ്ഞെടുപ്പ് ഫലം

  • പി ടി എ റഹീം – എല്‍ഡിഎഫ് – 85138 (43.93%)
  • ദിനേഷ് പെരുമണ്ണ – യുഡിഎഫ് – 74862 (38.62%)
  • വി കെ സജീവന്‍ – എന്‍ഡിഎ – 27672 (14.28%)
  • അബ്ദുൽ വഹീദ് – എസ്ഡിപിഐ – 1299 (0.67%)
  • ഇ പി അന്‍വർ സാദത്ത് – വെല്‍ഫെയർ പാർട്ടി - 1057 (0.55%)
  • ദിനേശൻ പക്കത്ത് – സ്വതന്ത്രൻ – 1021 (0.53%)
  • അബ്ദുൽ റഹീം പി – സ്വതന്ത്രൻ – 738 (0.38%)
  • കെ ജി ബാബു – സ്വതന്ത്രൻ – 724 (0.37%)
  • ദിനേശൻ മുണ്ടക്കൽ – സ്വതന്ത്രൻ – 225 (0.12%)
  • അബ്ദുൽ റഹീം പി – സ്വതന്ത്രൻ – 222 (0.11%)
  • നോട്ട – 864
  • പോൾ ചെയ്ത വോട്ടുകൾ – 193822 (83.80)
  • ഭൂരിപക്ഷം – 10276

കൊടുവള്ളിയില്‍ നിന്നും വിജയിച്ചവർ

  • 2021 മുതല്‍ പിടിഎ റഹീം - ഇടത് സ്വതന്ത്രൻ
  • 2016-2021 പിടിഎ റഹീം -ഇടത് സ്വതന്ത്രൻ
  • 2011 -2016 പിടിഎ റഹീം - ഇടത് സ്വതന്ത്രൻ
  • 2006 - യു.സി രാമൻ - മുസ്ലീം ലീഗ് സ്വതന്ത്രന്‍
  • 2001 - 2006 യു.സി രാമൻ -മുസ്ലീം ലീഗ് സ്വതന്ത്രന്‍
  • 1996 - 2001 സി പി ബാലൻവൈദ്യർ - സിപിഐഎം
  • 1991-1996 സി പി ബാലൻവൈദ്യർ - സിപിഐഎം
  • 1987-1991 സി പി ബാലൻവൈദ്യർ - സിപിഐഎം
  • 1982-1987 കെ പി രാമൻ -എഐഎംഎല്‍
  • 1980-1982 കെ പി രാമൻ -എഐഎംഎല്‍
  • 1977-1979 കെ. പി രാമൻ -എഐഎംഎല്‍
  • 1970 - 1977 പി വി എസ് മുസ്തഫ പൂക്കോയ തങ്ങൾ - മുസ്ലിം ലീഗ്
  • 1967-1970 -വി കുട്ടികൃഷ്ണൻ നായർ -എസ്എസ്പി
  • 1965-വി കുട്ടികൃഷ്ണൻ നായർ- എസ്എസ്പി*
  • 1960-1964 ലീല ദാമോദരമേനോൻ -കോണ്‍ഗ്രസ്
  • 1957-1959 ലീല ദാമോദരമേനോൻ - കോണ്‍ഗ്രസ്

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

dot image
To advertise here,contact us
dot image