കൂത്തുപറമ്പിൽ ലീഗിനായി ജയന്തി രാജൻ ഇറങ്ങുമോ? ആർജെഡി വീണ്ടും കെ പി മോഹനനെ പരിഗണിച്ചേക്കും

2006ലാണ് കൂത്തുപറമ്പിൽ അവസാനമായി കോൺഗ്രസും സിപിഐഎമ്മും നേരിട്ട് ഏറ്റുമുട്ടിയത്

കൂത്തുപറമ്പിൽ ലീഗിനായി ജയന്തി രാജൻ ഇറങ്ങുമോ? ആർജെഡി വീണ്ടും കെ പി മോഹനനെ പരിഗണിച്ചേക്കും
dot image

കണ്ണൂർ: മുന്നണി സമവാക്യങ്ങളുടെ ഭാ​ഗമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം മത്സരരം​ഗത്ത് നിന്നും മാറി നിന്ന മണ്ഡലമാണ് കൂത്തുപറമ്പ്. കഴിഞ്ഞ രണ്ട് ദശകമായി കോൺഗ്രസ് സഖ്യകക്ഷികൾക്ക് വിട്ടുനൽകി വരുന്ന മണ്ഡലം കൂടിയാണ് ഇത്. 2006ലാണ് കൂത്തുപറമ്പിൽ അവസാനമായി കോൺഗ്രസും സിപിഐഎമ്മും നേരിട്ട് ഏറ്റുമുട്ടിയത്. 2016ൽ യുഡിഎഫിലായിരുന്ന ജെഡിയുവിലെ കെ പി മോഹനൻ സിപിഐഎമ്മിൻ്റെ കെ കെ ശൈലജയോട് 12291 വോട്ടിന് പരാജയപ്പെട്ടിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് കൂത്തുപറമ്പ് സീറ്റ് മുസ്ലിം ലീ​ഗിന് വിട്ടുനൽകി. ഇടതുമുന്നണിക്ക് വേണ്ടി മത്സരരം​ഗത്ത് ഇറങ്ങിയത് യുഡിഎഫ് സഖ്യം വിട്ടെത്തിയ എൽജെഡിയിലെ കെ പി മോഹനനായിരുന്നു. മുസ്ലിം ലീ​ഗിലെ പൊട്ടൻകണ്ടി അബ്​ദുള്ളക്കെതിരെ 9541വോട്ടിനായിരുന്നു കെ പി മോഹനൻ 2021ൽ ഇവിടെ വിജയിച്ചത്. സിറ്റിംഗ് എംഎൽഎ ആയിരുന്നു കെ കെ ശൈലജ മണ്ഡലം മാറി മട്ടന്നൂരിലായിരുന്നു മത്സരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് ന​ഗരസഭ ഉൾപ്പെടെ ആകെയുള്ള ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ നാലെണ്ണത്തിലും ഭരണത്തിലെത്തിയത് എൽഡിഎഫ് ആണ്. പാനൂർ ന​ഗരസഭ ഉൾപ്പെടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം യുഡിഎഫിനാണ്. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമായ കൂത്തുപറമ്പിൽ 10,788 വോട്ടിൻ്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുണ്ടായിരുന്നത്.

ആർജെഡിയുടെ കെ പി മോഹനന് തന്നെയാണ് കൂത്തുപറമ്പിൽ ആർജെഡിയുടെ ആ​ദ്യ പരി​ഗണന. കെ പി മോഹനൻ മത്സരത്തിനിറങ്ങുന്നില്ലെങ്കിൽ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീണും പ​രി​ഗണനയിലുണ്ട്. മുസ്ലിംലീഗിന്റെ ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി രാജൻ, പി കെ ഷാഹുൽഹമീദ്, അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സൈനുൽ ആബിദീൻ, സി കെ നജാഫ് എന്നിവരെയാണ് കൂത്തുപറമ്പിൽ നിന്ന് മുസ്ലിം ലീ​ഗ് പ​രി​ഗണിക്കുന്നത്. സി സത്യപ്രകാശ്, അഡ്വ.സിജിലാൽ എന്നിവരെയാണ് എൻഡിഎ പരി​ഗണിക്കുന്നത്.

2021ലെ തെരഞ്ഞെടുപ്പ് ഫലം

  • കെ പി മോഹനൻ - എൽഡിഎഫ്- 70626(45.36%)
  • പൊട്ടൻകണ്ടി അബ്ദുള്ള - യുഡിഎഫ് - 61085(39.23%)
  • സി സദാനന്ദൻ മാസ്റ്റർ - എൻഡിഎ- 21212(13.62%)
  • മോഹനൻ കുഞ്ഞിപ്പറമ്പത്ത് മീതൽ - സ്വതന്ത്രൻ- 1360(0.87%)
  • കെ പി മോഹനൻ കൈതവെച്ചപറമ്പത്ത് -സ്വതന്ത്രൻ- 543(0.35%)
  • അബ്ദുള്ള പുതിയപറമ്പത്ത്- സ്വതന്ത്രൻ- 389(0.25%)
  • നോട്ട - 494
  • പോൾ ചെയ്ത വോട്ട് - 155709
  • ഭൂരിപക്ഷം - 9541

കൂത്തുപറമ്പ് ഇതുവരെ വിജയിച്ചവർ

  • 2021 - കെ പി മോഹനൻ - എൽജെഡി
  • 2016-2021 - കെ കെ ശൈലജ - സിപിഐഎം
  • 2011-2016 - കെ പി മോഹനൻ - എസ്ജെഡി
  • 2006-2011- പി ജയരാജൻ സിപിഐഎം
  • 2005-2006 (ഉപതെരഞ്ഞെടുപ്പ്) - പി ജയരാജൻ - സിപിഐഎം
  • 2001-2005 - പി ജയരാജൻ - സിപിഐഎം
  • 1996-2001- കെ കെ ശൈലജ - സിപിഐഎം
  • 1991-1996 - പിണറായി വിജയൻ - സിപിഐഎം
  • 1987-1991 - കെ പി മാമ്മു മാസ്റ്റർ - സിപിഐഎം
  • 1982-1987 - പി വി കുഞ്ഞിക്കണ്ണൻ - സിപിഐഎം
  • 1980-1982- എം വി രാഘവൻ- സിപിഐഎം
  • 1977-1980- പിണറായി വിജയൻ- സിപിഐഎം
  • 1970-1977 - പിണറായി വിജയൻ - സിപിഐഎം
  • 1967-1970 - കെ കെ അബു - എസ്എസ്പി
  • 1965*- കെ കെ അബു - എസ്എസ്പി
  • 1960-1965 - പി ആർ കുറുപ്പ് - പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
  • 1957-1959 - പി ആർ കുറുപ്പ് - പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

Content Highlights: Explore the latest speculations on candidates for Kuthuparamba constituency in the 2026 Kerala Assembly elections. While IUML's Jayanthi Rajan is being considered for other seats like Perambra, incumbent MLA KP Mohanan seeks re-nomination from RJD amid internal LDF discussions

dot image
To advertise here,contact us
dot image