

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫിലെ പരീക്ഷകള്‍ മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വ്യാഴാഴ്ച നടക്കാനിരുന്ന എസ്എസ്എല്‍സി പരീക്ഷയും മാര്‍ച്ച് 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കുമെന്നും അപേക്ഷകള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നേരിട്ടോ മെയില്‍ വഴിയോ അപേക്ഷ നല്‍കാവുന്നതാണ്. ഗള്‍ഫില്‍ കുടുങ്ങിയ കുട്ടികള്‍ക്കും അവിടെ പഠിക്കുന്ന കുട്ടികള്‍ക്കും എല്ലാം പരീക്ഷ വീണ്ടും എഴുതാനുള്ള സൗകര്യമൊരുക്കും. കുട്ടികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലെ പരീക്ഷാ കോര്‍ഡിനേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. സാധാരണയായി കേരളത്തിലും ഗള്‍ഫിലും ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ മറ്റൊരു സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
Content Highlight; V Sivankutty announced that the exams in the Gulf have been postponed in view of the conflict situation in the middle east