

കണ്ണൂർ: 2011ൽ പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം സിപിഐഎം സ്ഥാനാർത്ഥികൾക്ക് വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച മണ്ഡലമാണ് മട്ടന്നൂർ. 2011ൽ ഇ പി ജയരാജൻ്റെ ഭൂരിപക്ഷം 30512 വോട്ടായിരുന്നെങ്കിൽ 2016ൽ രണ്ടാമത് മത്സരത്തിനെത്തിയപ്പോൾ ഇ പി ജയരാജൻ്റെ ഭൂരിപക്ഷം 43381 വോട്ടായി മാറിയിരുന്നു. 2021ൽ കെ കെ ശൈലജയ്ക്ക് മട്ടന്നൂർ നൽകിയത് 60963 വോട്ടിൻ്റെ ഭൂരിപക്ഷം.
മട്ടന്നൂർ നഗരസഭ ഉൾപ്പെടെ മട്ടന്നൂർ മണ്ഡലത്തിൻ്റെ ഭാഗമായ ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫാണ് ഭരണത്തിൽ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ 3,034 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ് എൽഡിഎഫിന് ലഭിച്ചത് എന്നതാണ് സമീപകാലത്ത് മട്ടന്നൂരിൽ സിപിഐഎമ്മിൻ്റെ ആശങ്കപ്പെടുത്തുന്ന ഏക തിരിച്ചടി.
ടേം വ്യവസ്ഥ ഒഴിവാക്കി സിറ്റിംഗ് എംഎൽഎ കെ കെ ശൈലജയെ തന്നെ സിപിഐഎം മട്ടന്നൂരിൽ വീണ്ടും പരിഗണിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മട്ടന്നൂരിൽ കെ കെ ശൈലജയുടെ പേര് പരിഗണിച്ചിട്ടില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ പേരാണ് ഇവിടെ സിപിഐഎം കണ്ണൂർ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പട്ടികയിലുള്ളത്. കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജ എവിടെ മത്സരിക്കണമെന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ട ഘടകം കണ്ണൂർ ജില്ലാ കമ്മിറ്റി അല്ലാത്തതിനാൽ തന്നെ കെ കെ ശൈലജ തന്നെ ഒരുപക്ഷെ മട്ടന്നൂരിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മണ്ഡലം 2011ൽ പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം യുഡിഎഫ് ഘടകക്ഷികളാണ് മട്ടന്നൂർ സീറ്റിൽ മത്സരിച്ചത്. എന്നാൽ ഇത്തവണ കോൺഗ്രസ് സീറ്റ് എടുത്തേക്കും. കെപിസിസി അംഗം രാജീവൻ എളയാവൂർ, ചന്ദ്രൻ തില്ലങ്കേരി, യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. കണ്ണൂർ സൗത്ത് ജില്ലാ അധ്യക്ഷൻ ബിജു ഏളക്കുഴി, സി സത്യപ്രകാശ് എന്നിവരെയാണ് ബിജെപി മട്ടന്നൂരിൽ പരിഗണിക്കുന്നത്.
Content Highlights: Amid CPM's candidate selection for Kerala Assembly Elections 2026, uncertainty surrounds KK Shailaja's Mattannur seat with VK Sanoj emerging as a strong contender. Reports suggest she may not contest if not fielded from Mattannur, while Congress could eye the constituency. Check latest political developments in Mattannur assembly