കുവൈറ്റിൽ വൻ ആക്രമണത്തിന് ശ്രമം, പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു പൗരൻ ഉൾപ്പെടെ അറസ്റ്റിൽ

കൃത്യമായ സുരക്ഷാ നിരീക്ഷണത്തിനൊടുവിലാണ് ഭീകരപദ്ധതികൾ സുരക്ഷാസേന തകർത്തത്.

കുവൈറ്റിൽ വൻ ആക്രമണത്തിന് ശ്രമം, പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു പൗരൻ ഉൾപ്പെടെ അറസ്റ്റിൽ
dot image

കുവൈറ്റിൽ സുപ്രധാന സ്ഥാപനങ്ങളും ആരാധനാലയങ്ങളും ലക്ഷ്യമിട്ട് നടത്തിയ രണ്ട് വലിയ ഭീകരാക്രമണ പദ്ധതികൾ കുവൈറ്റ് സുരക്ഷാസേന പരാജയപ്പെടുത്തി. ഐഎസ് (IS) ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു കുവൈറ്റ് പൗരനെയും മറ്റ് രണ്ട് പ്രായപൂർത്തിയാകാത്ത കൗമാരക്കാരെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസുരക്ഷാ വിഭാഗം പിടികൂടിയത്. കൃത്യമായ സുരക്ഷാ നിരീക്ഷണത്തിനൊടുവിലാണ് ഈ ഭീകരപദ്ധതികൾ സുരക്ഷാസേന തകർത്തത്.

രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളിലൊന്ന് തകർക്കാൻ പദ്ധതിയിട്ട കുവൈറ്റ് പൗരൻ ഡ്രോണുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭീകരാക്രമണത്തിനായി ഇയാൾ സ്വന്തമായി ഒരു ഡ്രോൺ നിർമിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൃത്യ സമയത്തുള്ള സുരക്ഷാസേനയുടെ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഇതിനു തൊട്ടുതലേദിവസമാണ് രാജ്യത്തെ പ്രമുഖ ആരാധനാലയം ലക്ഷ്യമിട്ടുള്ള മറ്റൊരു ആക്രമണ ശ്രമം സുരക്ഷാസേന തകർത്തത്. ഐഎസ് ഭീകരരുമായി നിരന്തരം ആശയവിനിമയം നടത്തുകയും സ്ഫോടകവസ്തുക്കൾ നിർമിക്കാൻ പരിശീലനം നേടുകയും ചെയ്ത രണ്ട് കൗമാരക്കാരെയാണ് ഈ കേസിൽ രാജ്യസുരക്ഷാ വിഭാഗം പിടികൂടിയത്. വൻ ദുരന്തം വിതയ്ക്കാൻ പദ്ധതിയിട്ട ഈ രണ്ട് നീക്കങ്ങളും തുടർച്ചയായ ദിവസങ്ങളിൽ പരാജയപ്പെടുത്താൻ സാധിച്ചത് കുവൈറ്റ് സുരക്ഷാ വിഭാഗത്തിന് വലിയ നേട്ടമായി.

തുടർച്ചയായുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റിലുടനീളം സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിനും ശക്തമായ നടപടികൾ തുടരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Kuwait security forces prevented an alleged major attack attempt and arrested several suspects, including a Kuwaiti citizen. Authorities carried out the operation as part of efforts to maintain national security.

dot image
To advertise here,contact us
dot image