സുരേന്ദ്രൻ ഉറപ്പിച്ചു, അശ്വിനിയുടെ പരിഭവം ബിജെപിക്ക് തിരിച്ചടിയാകുമോ? അഷ്റഫിൻ്റെ വോട്ട് എസ്ഡിപിഐ ചോർത്തുമോ?

മുസ്ലിം ലീ​ഗ് മഞ്ചേശ്വരത്ത് നിന്ന് ആദ്യമായി വിജയിച്ച 1987ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി മഞ്ചേശ്വരത്ത് ആദ്യമായി രണ്ടാമതെത്തുന്നത്

സുരേന്ദ്രൻ ഉറപ്പിച്ചു, അശ്വിനിയുടെ പരിഭവം ബിജെപിക്ക് തിരിച്ചടിയാകുമോ? അഷ്റഫിൻ്റെ വോട്ട് എസ്ഡിപിഐ ചോർത്തുമോ?
dot image

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മൂന്ന് മുന്നണികൾക്കും നിർണ്ണായക സ്വാധീനമുള്ള മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശക്തമായ ത്രികോണ മത്സരത്തിൻ്റെ വീറും വാശിയും നിറഞ്ഞിരുന്നു. 1982 ൽ യുഡിഎഫ് മുന്നണി സംവിധാനത്തിൽ മത്സരിക്കാൻ തുടങ്ങിയത് മുതൽ മുസ്ലിംലീ​ഗ് മത്സരിച്ച് വരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മുസ്ലിം ലീഗ് ആദ്യമായി മഞ്ചേശ്വരത്ത് വിജയിച്ച 1987 മുതൽ ബിജെപി ഇവിടെ രണ്ടാമതാണ്. ഇതിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു ബിജെപിയുടെ കെ സുരേന്ദ്രൻ ഇവിടെ പരാജയപ്പെട്ടത്. 2016ൽ 89 വോട്ടിന് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എൻഡിഎയ്ക്ക് 2021ലും നേരിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം നഷ്ടപ്പെട്ടത്. 2016നെക്കാൾ 8232 വോട്ട് കൂടുതൽ നേടിയിട്ടും 2021ൽ കെ സുരേന്ദ്രൻ 745 വോട്ടിന് മുസ്ലിം ലീ​ഗിൻ്റെ എകെഎം അഷ്റഫിനോട് പരാജയപ്പെടുകയായിരുന്നു.

ബിജെപിക്ക് സ്വാധീനമുള്ള കർണ്ണാടകയുടെ അതിർത്തി പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മഞ്ചേശ്വരം പിടിക്കുക എന്നത് ബിജെപിയുടെ ദീർഘകാലമായുള്ള ലക്ഷ്യമാണ്. കെ ജി മാരാർ മത്സരിച്ച 1991ലാണ് ബിജെപി ആദ്യമായി വിജയത്തിന് അടുത്തെത്തിയത്. 1072 വോട്ടിനായിരുന്നു അന്ന് കെ ജി മാരാർ പരാജയപ്പെട്ടത്. കെ ജി മാരാരെ വിജയിപ്പിച്ചെടുക്കാൻ ബിജെപി നേതൃത്വം ആ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ധാരണയുണ്ടാക്കിയെന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന പ്രസിഡൻ്റ് ആയിരിക്കെ സി കെ പത്മനാഭൻ ബിജെപിക്കായി മത്സരിക്കാനെത്തിയ 2001ൽ വലിയ പ്രതീക്ഷയോടെയായിരുന്നു ബിജെപി മത്സരരംഗത്ത് ഇറങ്ങിയത്. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു സികെപിയുടെ പരാജയം. ബിജെപി വിജയിക്കാതിരിക്കാനായി ഏറ്റവും കൂടുതൽ ക്രോസ് വോട്ടിംഗ് നടന്നത് ആ തെരഞ്ഞെടുപ്പിലാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പിന്നീട് കെ സുരേന്ദ്രൻ നേരിയ വോട്ടിന് പരാജയപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കരുതെന്ന നിലയിലുള്ള വോട്ടിംഗ് പാറ്റേണാണ് മഞ്ചേശ്വരത്ത് ഉണ്ടായത്. ഇത്തവണയും ബിജെപിയുടെ വിജയം തടയുക എന്ന തെരഞ്ഞെടുപ്പ് തന്ത്രത്തിന് തന്നെയാവും മഞ്ചേശ്വരത്ത് ഇടതുപക്ഷം സ്വീകരിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം സിപിഐഎം ഈ ജാഗ്രത കാണിച്ചേക്കും.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിക്കുമ്പോഴും സ്ഥാനാർത്ഥിയെ നിർത്താനുള്ള എസ്ഡിപിഐ നീക്കം യുഡിഎഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ച് പോയേക്കാമെന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം.

തദ്ദേശ തെരഞ്ഞെെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റം മഞ്ചേശ്വരത്ത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഭാ​ഗമായ എട്ട് തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടിയത് യുഡിഎഫാണ്. മഞ്ചേശ്വരം നിയമസഭാ മണ്ഡലപരിധിയിൽ വരുന്ന നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയം യുഡിഎഫിനായിരുന്നു. 2005 മുതൽ ബിജെപി വിജയിച്ച് വരുന്ന പുത്തി​ഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനും യുഡിഎഫ് സ്വന്തമാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് 17258 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എം എൽ അശ്വനിയ്ക്ക് 2021ൽ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് നേടിയതിനെക്കാൾ 7,834 വോട്ട് കുറവാണ് ലഭിച്ചത്.

ഇത്തവണ മുസ്ലിം ലീ​ഗിനെ സംബന്ധിച്ച് എംകെഎം അഷ്റഫിന് പകരം മഞ്ചേശ്വരത്ത് മറ്റൊരു പേരും ആലോചനയിലില്ല. മണ്ഡലം നിലനിർത്താൻ യുഡിഎഫ് എംകെഎം അഷ്റഫിനെ തന്നെയാവും മത്സരത്തിന് ഇറക്കുക എന്ന് ഉറപ്പാണ്. രണ്ട് തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മഞ്ചേശ്വരം ഇത്തവണ പിടിച്ചെടുക്കാൻ കെ സുരേന്ദ്രനെ തന്നെ ബിജെപി രം​ഗത്തിറക്കിയേക്കും. നേരത്തെ മഞ്ചേശ്വരത്ത് മത്സരിക്കാനുളള നീക്കങ്ങൾ ബിജെപിയുടെ കാസർകോട് ജില്ലാ പ്രസിഡൻ്റായ എം എൽ അശ്വിനി നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വീണ്ടും മത്സരിച്ചേക്കുമെന്ന ചർച്ചകൾ സജീവമായ ഘട്ടത്തിൽ എൽ അശ്വിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. കന്നഡയിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാൻ എത്തുന്നതിലുള്ള അസംതൃപ്തിയായാണ് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ അത്തരം അഭ്യൂഹങ്ങളെല്ലാം പിന്നീട് എം എൽ അശ്വിനി നിഷേധിച്ചിരുന്നു. എന്തായാലും സുരേന്ദ്രൻ മത്സരിക്കാൻ എത്തുന്നതിൽ ബിജെപിയുടെ കാസർകോട് ജില്ലാ നേതൃത്വത്തിനുള്ള അതൃപ്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സുരേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ ബിജെപി ഇവിടെ മറ്റൊരു പേര് പരി​ഗണിക്കുകയുള്ളു. അങ്ങനെയെങ്കിൽ ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വനിയെ തന്നെ ബിജെപി മഞ്ചേശ്വരത്ത് പരി​ഗണിക്കും. അഡ്വ കെ ശ്രീകാന്തിനും ഇവിടെ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേയ്ക്ക് പോയ ഇടതുമുന്നണി ഇത്തവണ മഞ്ചേശ്വരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരരം​ഗത്ത് ഇറങ്ങുക. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവും തുളു അക്കാദമി ചെയർമാനുമായ കെ ആർ ജയാനന്ദ, സിപിഐഎം കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈർ, മുൻ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂ‍ർ എന്നിവരെയാണ് സിപിഐഎം പരി​ഗണിക്കുന്നത്. അന്തരിച്ച മുൻ കോൺ​ഗ്രസ് നേതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ മകനാണ് ഷാനവാസ് പാദൂ‍‍ർ. ബിജെപിയ്ക്ക് ​ഗുണകരമാകുന്ന വിധത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കാതെയും ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കപ്പെടാതെയും സ്ഥാനാർത്ഥി നിർണ്ണയം നടത്തുക എന്ന പാറ്റേണാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം മഞ്ചേശ്വരത്ത് സിപിഐഎം സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെ ഇത്തവണയും സിപിഐഎം മഞ്ചേശ്വരത്ത് പരി​ഗണിച്ചേക്കില്ല. അങ്ങനെയെങ്കിൽ കെ ആർ ജയാനന്ദയെ തന്നെയാവും സിപിഐഎം മഞ്ചേശ്വരത്ത് മത്സരത്തിനിറക്കാൻ സാധ്യത.

2021ലെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം

  • എ കെ എം അഷ്റഫ്- യുഡിഎഫ്- 65758 (38.14%)
  • കെ സുരേന്ദ്രൻ- എൻഡിഎ- 65013 (37.70%)
  • വി വി രമേശൻ- എൽഡിഎഫ്- 40639 (23.57%)
  • എസ് പ്രവീൺ കുമാർ- എഡിഎച്ച്എംപിഐ- 251 (0.15%)
  • എം സുരേന്ദ്രൻ- സ്വതന്ത്രൻ- 197 (0.11%)
  • ഐ ജോൺ ഡി സൂസ- സ്വതന്ത്രൻ- 181 (0.10%)
  • നോട്ട- 387
  • പോൾ ചെയ്ത വോട്ട്- 172426
  • ഭൂരിപക്ഷം- 745

മഞ്ചേശ്വരം മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ച എംഎൽഎമാർ

  • 2021- എ കെ എം അഷറഫ്-ഐ യുഎംഎൽ
  • 2019-2021-എം സി കമറുദ്ദീൻ-ഐയുഎംഎൽ
  • 2016-2019- പി ബി അബ്ദുൽ റസാഖ്- ഐയുഎംഎൽ
  • 2011-2016- പി ബി അബ്ദുൽ റസാഖ്ഐ- യുഎംഎൽ
  • 2006-2011- സി എച്ച് കുഞ്ഞമ്പു- സിപിഐഎം
  • 2001-2006- ചെർക്കളം അബ്ദുള്ള- ഐയുഎംഎൽ
  • 1996-2001- ചെർക്കളം അബ്ദുള്ള- ഐയുഎംഎൽ
  • 1991- 1996- ചെർക്കളം അബ്ദുള്ള- ഐയുഎംഎൽ
  • 1987-1991- ചെർക്കളം അബ്ദുള്ള- ഐയുഎംഎൽ
  • 1982-1987- എ സുബ്ബറാവു- സിപിഐ
  • 1980-1982-എ സുബ്ബറാവു- സിപിഐ
  • 1977-1980 -എം രാമപ്പ- സിപിഐ
  • 1970-1977- എം രാമപ്പ- സിപിഐ
  • 1967-1970- കെ മഹാബല ഭണ്ഡാരി- സ്വതന്ത്രൻ
  • 1965*- കെ മഹാബല ഭണ്ഡാരി കോൺഗ്രസ്
  • 1960-1965- കെ മഹാബല ഭണ്ഡാരി- കർണാടക സമിതി
  • 1957-1959- എം ഉമേഷ് റാവു- സ്വതന്ത്രൻ (എതിരില്ലാതെ വിജയിച്ചു)

**1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

In Manjeshwar, BJP's K Surendran eyes a win after a razor-thin 745-vote loss in 2021 to IUML's AKM Ashraf. With IUML fielding Ashraf again, will CPI(M) tweak its tactics in this high-stakes Kerala assembly seat? Latest updates on candidates, margins, and election outlook.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us