

തിരുവനന്തപുരം: സ്പാർക്കിൽ നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറാം സാംബശിവ റാവു അയച്ച കത്ത് പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണത്തിനുള്ള തെളിവായാണ് രേഖ ചെന്നിത്തല പുറത്തുവിട്ടത്. സർക്കാരിലെ വിവിധ വകുപ്പുകൾക്ക് നൽകിയ കത്താണിത്. കെ സ്മാർട്ട് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ പേര്, ഫോൺനമ്പർ, വയസ്, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശസ്ഥാപനം തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
കത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്പ്ലിംഗ്ലർ കേസിന് സമാനമായ ഡാറ്റാ കച്ചവടമാണ് നടക്കുന്നതെന്നും മുഴുവൻ സർക്കാർ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങളാണ് ഇത്തരത്തിൽ ചോർത്തുന്നതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ സേവനങ്ങളുടെ ഭാഗമായി സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ വിവരം തേടിയിരിക്കുന്നത്. എസ്എംഎസ്, ഇമെയിൽ, വാട്‌സ്ആപ്പ്, വോയിസ് എന്നിവയിലൂടെ തത്സമയ അറിയിപ്പുകൾ നൽകുന്നതിനും ഗവൺമെന്റ് ഓഫ് കേരള എന്ന പേരിൽ ഏകീകൃത സന്ദേശങ്ങൾ അയക്കുന്നതിനുമാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് വിശദീകരണം.
ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഒരു 'ഡാറ്റാ ലേക്ക്' നിർമിക്കുന്നതിനായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഐടി മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ മാസം 12നകം വിവരങ്ങൾ കൈമാറാനായിരുന്നു നിർദേശം. ഐടി മിഷന്റെ അസി.മിഷൻ കോർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്കാണ് ഈ വിവരങ്ങൾ അറിയിക്കേണ്ടത്.
Content Highlights: Ramesh Chennithala shared a letter alleging that the Chief Minister’s Office demanded personal details of government employees, raising data privacy