

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ ജാമ്യവ്യവസ്ഥയിൽ നടന്‍ സിദ്ദിഖിന് കോടതി ഇളവുകൾ അനുവദിച്ചു. നടന് വിദേശത്ത് പോകാനായി അനുമതി നൽകി. ഇതിനായി സിദ്ദിഖിൻ്റെ പാസ്പോർട്ടും തിരികെ നൽകും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. ഷാർജയിൽ നടക്കുന്ന രാജകീയം സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് അനുമതി. മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ ഹാജരാക്കണമെന്നാണ് കോടതി നർദേശം.
സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് ലൈംഗികാതിക്രമ കേസിലെ പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഇപ്പോൾ ജോലി ആവശ്യങ്ങൾക്കാണ് കോടതി ഇളവ് നൽകിയിരിക്കുന്നത്. മാർച്ച് 31 വരെയാണ് ഇളവിൻ്റെ കാലാവധി.
2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Content Highlights: Court grants relaxations to actor Siddique in bail conditions in sexual assault case