

കൊച്ചി: സ്വാദിഷ്ടമായ സിറിയന്‍ ക്രിസ്ത്യന്‍ ബീഫ് ഫ്രൈയുടെയും കോക്കനട്ട് ബീഫിന്‍റെയും, പാരമ്പര്യവും ചരിത്രവും സംസ്‌കാരവും കൂട്ടിച്ചേര്‍ത്തിരിക്കുന്നതാണ് കേരളത്തിന്റെ വായില്‍ വെള്ളമൂറുന്ന രുചി യാത്രയെന്നും ഇവ ചേര്‍ന്നിട്ടുള്ളതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും നടന്‍ പ്രകാശ് രാജ്. ദയവായി പരീക്ഷിച്ച് നോക്കൂവെന്നും പ്രകാശ് രാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കേരള സ്റ്റോറി-2 സിനിമയുടെ ട്രെയിലര്‍ വിവാദത്തിനിടെയാണ് നടന്റെ കുറിപ്പ്.
'യഥാര്‍ത്ഥ കേരള സ്റ്റോറി ഇങ്ങനെയാണ്… 'വായില്‍ വെള്ളമൂറുന്ന അതിന്റെ രുചി യാത്രയില്‍, കേരളത്തിന്റെ സ്വാദിഷ്ടമായ സിറിയന്‍ ക്രിസ്ത്യന്‍ ബീഫ് ഫ്രൈയുടെയും കോക്കനട്ട് ബീഫിന്‍റെയും പൈതൃകവും ചരിത്രവും സംസ്‌കാരവും കൂട്ടിച്ചേര്‍ത്തിരിക്കുന്നു', ദയവായി പരീക്ഷിച്ചുനോക്കൂ', പ്രകാശ് രാജ് കുറിച്ചു.
സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കേരളത്തില്‍ പ്രതിഷേധം വ്യാപകമാണ്. ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗത്തെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് കമന്റുകള്‍. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് തന്റെ അമ്മ കഫ്‌സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നതെന്നായിരുന്നു നടി ലക്ഷ്മി മേനോന്റെ പരിഹാസം. കേരളത്തിന്റെ ട്രെയിലര്‍ കണ്ട് പൊട്ടിച്ചിരിച്ചെന്നും ബീഫിനൊപ്പം പൊറോട്ട വിളമ്പിയാല്‍ ആരേയും നിര്‍ബന്ധിക്കേണ്ടി വരില്ലെന്നും വിജി വെങ്കടേഷും പ്രതികരിച്ചു.
കേരളത്തില്‍ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ടതാണ് 'ദ കേരള സ്റ്റോറി'യെന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.
ഒരു മതവിഭാഗത്തിനെയും, ഒരു സംസ്ഥാനത്തിനെയും അവഹേളിക്കാനാണ് ഈ സിനിമയെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന സംഭവത്തിന് എന്തിനാണ് കേരളത്തിന്റെ പേരിടുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എംപിയും ചോദിച്ചിരുന്നു. അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സംവിധായകന്‍ ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ പീഡനകേസ് സിനിമയാക്കട്ടെ. ഇങ്ങനെയൊക്ക ചെയ്തുകഴിഞ്ഞാല്‍ ബിജെപിക്ക് പ്രയോജനം ഉണ്ടാകുമെന്നാണ് സംവിധായകന്റെ വിശ്വാസമെങ്കില്‍ അത് ചെലവാകില്ല എന്നും ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു.
Content Highlight; 'The real KeralaStory is how… “In its mouth-watering culinary journey, Kerala’s yummy Syrian Christian beef fry and the coconut beef have added legacy, history and culture to the recipe.” Please try n relish'; Prakash Raj