ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരർക്കും എൻ വാസുവിനും ഇ ഡി സമൻസ്

എസ്‌ഐടി അറസ്റ്റ് ചെയ്ത് കേസിൽ ഇരുവർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരർക്കും എൻ വാസുവിനും ഇ ഡി സമൻസ്
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്കും ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനും സമൻസ് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മാർച്ച് ആദ്യ വാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷിക്കുന്ന കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഇ ഡിയുടെ സമൻസ് വന്നിരിക്കുന്നത്.

ഫെബ്രുവരി പതിനെട്ടിനായിരുന്നു തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. 41 ദിവസത്തെ റിമാൻഡിന് ശേഷമായിരുന്നു തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

Also Read:

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര്ർക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. തന്ത്രി ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നും കോടതി പറഞ്ഞിരുന്നു. ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ തന്ത്രി അനുവാദം നൽകിയത് അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയാണെന്ന വാദവും കോടതി ശരിവെച്ചു. പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തന്ത്രി പറഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി. ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങൾ തന്ത്രി ചെയ്ത് നൽകണമെന്നും തന്ത്രി ദേവസ്വം ക്രമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കോടതി വീക്ഷിച്ചിരുന്നു.

തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നായിരുന്നു തന്ത്രി കണ്ഠരര് രാജീവരുടെ കോടതിയിലെ വാദം. യുവതീ പ്രവേശനത്തെ എതിർത്തതാണ് തന്റെ അറസ്റ്റിന് കാരണമായതെന്നും രാജീവര് വാദിച്ചിരുന്നു. താൻ ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നയാളാണ്. അതിനാലാണ് യുവതീ പ്രവേശനം എതിർത്തത്. ഒപ്പം എല്ലാ ദിവസം ക്ഷേത്രം തുറക്കമെന്ന അഭിപ്രായവും താൻ എതിർത്തു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ആദ്യ മൂന്ന് മാസവും താൻ പ്രതിയായിരുന്നില്ലെന്നും തന്ത്രി വാദിച്ചിരുന്നു.

Also Read:

കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ വാസുവിന് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനായിരുന്നു ജാമ്യം ലഭിച്ചത്. സ്വാഭാവിക ജാമ്യമായിരുന്നു വാസുവിന് ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2019 നവംബർ മുതൽ രണ്ടുവർഷമാണ് എൻ വാസു ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രവർത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതൽ 2019 മാർച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവർത്തിച്ചിരുന്നു. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു എൻ വാസു ജാമ്യം തേടിയത്.

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി അറസ്റ്റ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിൽ ഭൂരിഭാഗം പേർക്കും പിന്നീട് ഇ ഡി അന്വേഷിക്കുന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസും ലഭിച്ചിരുന്നു.

Content Highlights : sabarimala-gold-theft-case-ed-summons-against-tantri-kandararu-rajeevaru-and-n-vasu

dot image
To advertise here,contact us
dot image