

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ. പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ഈ നിർണ്ണായക ചുവടുമാറ്റം. 22 ലോക്സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ പിന്തുണ, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ പാസാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് വലിയ നേട്ടമാവും.
എല്ലാ സംസ്ഥാനങ്ങളിലും ആനുപാതികമായി 50 ശതമാനം സീറ്റുകൾ വർധിപ്പിക്കാനും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ സീറ്റ് വിഹിത അനുപാതം അടുത്ത 25 വർഷത്തേക്ക് മരവിപ്പിക്കാനും കേന്ദ്ര സർക്കാർ സമ്മതിച്ചതായി ഡിഎംകെ വ്യക്തമാക്കി.
50 ശതമാനം സീറ്റ് വർധനവ് അംഗീകരിക്കുന്നുവെന്നും ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതായും ഡിഎംകെ നേതാവ് എ രാജ എംപി അറിയിച്ചു. ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിക്കുമ്പോൾ തമിഴ്നാടിൻ്റെ സീറ്റ് വിഹിതം നിലവിലുള്ള 7.18 ശതമാനത്തിൽ നിന്ന് 7.21 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാടിൻ്റെ താല്പര്യം സംരക്ഷിക്കപ്പെടുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. ആറുമാസമായി നടന്ന പിൻവാതിൽ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമെന്നും, തമിഴ്നാട്ടിൽ വിജയ്യുടെ പാർട്ടിക്ക് കോൺഗ്രസ് നൽകിയ പിന്തുണയാണ് ഡിഎംകെയുടെ നിലപാട് മാറ്റത്തിന് വഴിത്തിരിവായതെന്നുമാണ് രാഷ്ട്രീയ വിലയിരുത്തൽ.
അതേസമയം, ബിജെപിയുമായി ഡിഎംകെ കൈകോർക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം രൂക്ഷവിമർശനവുമായി രംഗത്തെത്തി. എന്നാൽ, ഇത് രാഷ്ട്രീയ സഖ്യമല്ലെന്നും തമിഴ്നാടിൻ്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഡിഎംകെയുടെ വിശദീകരണം. ബില്ലിൻ്റെ അന്തിമ കരട് പരിശോധിച്ച ശേഷം പാർലമെൻ്റിൽ ഔദ്യോഗിക നിലപാട് സ്വീകരിക്കും. 2025 മാർച്ചിൽ 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം വേണ്ടെന്ന് ആവശ്യപ്പെടുകയും ഇതിനെതിരെ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കുകയും ചെയ്ത പാർട്ടിയായിരുന്നു ഡിഎംകെ.
ബില്ലിൻ്റെ പകർപ്പ് കത്തിച്ച സ്റ്റാലിൻ്റെ മനംമാറ്റം കോൺഗ്രസിനോടുള്ള പക കാരണമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. ഡിഎംകെയുടെയും ശരദ് പവാർ എൻസിപിയുടെയും പിന്തുണയുണ്ടെങ്കിലും ബിൽ പാസാക്കാൻ സർക്കാരിന് കഴിയില്ല. ഇന്ത്യ സഖ്യത്തിന്റെ അംഗബലത്തിൽ ആശങ്കയില്ലെന്നും എംപിമാർക്ക് ത്രീ-ലൈൻ വിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസംയം ഡിഎംകെയുടേത് പ്രതികാര നടപടിയാണെന്നാണ് പി സന്തോഷ് കുമാർ എംപി പറഞ്ഞത്. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ ഈ നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ചപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധിപ്പിച്ച് കൊണ്ടുവരുന്ന ബിൽ ഇത്തവണ പാസാക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
Content Highlights:The DMK has agreed to support the Centre's delimitation bill after its key demands on seat allocation and representation were accepted. Opposition leaders have accused the party of retaliatory politics.