

മറയൂർ : സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ പാർട്ടി പ്രവേശനത്തിൽ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുന്നു. ഇടുക്കി നോർത്ത് ബിജെപിയിലാണ് ഭിന്നത രൂക്ഷമായത്. ദേവികുളം മണ്ഡലത്തിൽ പ്രവർത്തകർ പാർട്ടി വിടുന്നതായാണ് വിവരം. അതൃപ്തിക്ക് പിന്നാലെ ബിജെപി മറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് രാജിവെച്ചു. തനിക്കൊപ്പം ആയിരത്തോളം പേർ പാർട്ടി വിടുമെന്നും പുതിയ നേതൃത്വത്തിന് പാർട്ടിയെ ശക്തിപ്പെടുത്താൻ ആകില്ലെന്നും വിമർശിക്കുന്ന ബാബു തോമസിന്റെ ശബ്ദസന്ദേശം റിപ്പോർട്ടറിന് ലഭിച്ചു.
താനൊരു കർഷകനാണ്, ഇന്നുവരെ പാർട്ടിയുടെ പേരിൽ പിരിവെടുത്തിട്ടില്ല. പാർട്ടിയെ വളർത്താൻ വേണ്ടി മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ഇന്ന് കണ്ട അണ്ടനും അടകോടനുമെല്ലാം വന്ന് പാർട്ടിയിൽ എന്തൊക്കെയോ ചെയ്തു എന്നാണ് പറയുന്നത്. എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ താനും പണം മുടക്കി ആളെ ഇറക്കിയിട്ടുണ്ട്. തന്റെ കൂടെ എത്രപേരുണ്ടെന്ന് തെളിയിച്ചു തരാമെന്നാണ് ബാബു തോമസ് പറയുന്നുണ്ട്.
ബിജെപിയുമായി മുന്നോട്ടു പോകാൻ സാധിക്കില്ല. ഏകപക്ഷീയമായി ചെയ്യുന്ന അജണ്ട ചുമക്കേണ്ട ബാധ്യത തനിക്കില്ല. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറോ ഇടുക്കി ജില്ലയുടെ പുതിയ പ്രസിഡന്റോ വിചാരിച്ചാൽ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇവിടെ മാഫിയകൾ ഭരിക്കും തന്നെപോലുള്ള സാധാരണ പ്രവർത്തകർ പാർട്ടിയിൽനിന്നും മാറി നിൽക്കും. അടുത്ത പരിപാടി എന്തെന്ന് കാണിച്ചു തരാം' എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
പഞ്ചായത്ത്, ഏരിയ, മണ്ഡലം തലങ്ങളിലെ പുനഃസംഘടനയിലും പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ നേതൃത്വത്തിലടക്കം നടത്തിയ അഴിച്ചുപണിക്ക് പിന്നാലെ നേതാക്കൾ രണ്ടുതട്ടിലായിരുന്നു. ജില്ലയിലെ തലപ്പത്ത് അടക്കം അഴിച്ചുപണി നടന്നിരുന്നു.
ജനുവരി 18നാണ് എസ് രാജേന്ദ്രൻ സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. മൂന്ന് ടേമിലായി 15 വർഷം സിപിഐഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പാർട്ടിയിൽനിന്നും രാജേന്ദ്രനെ സ്സപെൻഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. എസ് രാജേന്ദ്രന്റെ വരവോടെ ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചിരുന്നു.
കാലങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിർന്നതെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. ദീർഘകാല രാഷ്ട്രീയ പ്രവർത്തകനായിരുന്ന താൻ കഴിഞ്ഞ നാലഞ്ച് വർഷമായി പാർട്ടി പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവിൽ വളരെയധികം മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തുനിന്നും ബിജെപി സ്ഥാനാർത്ഥിയായി എസ് രാജേന്ദ്രൻ മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് നിഷേധിച്ചിരുന്നു.
Content Highlights: Dissatisfaction within BJP over former CPIM MLA S Rajendran's party entry, party workers left bjp