'വയറ്റിൽ സർജറി ഉപകരണം കുടുങ്ങിയത് നിർഭാഗ്യകരമായ സംഭവം; ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയുടെ നേതൃത്വത്തിൽ'

സർജറി ചെയ്യാൻ ആവശ്യമായ സ്റ്റാഫുകൾ അന്നുണ്ടായിരുന്നില്ലെന്നും ഉപയോഗിച്ച ഉപകരണങ്ങളിൽ കുറവ് വന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ

'വയറ്റിൽ സർജറി ഉപകരണം കുടുങ്ങിയത് നിർഭാഗ്യകരമായ സംഭവം; ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയുടെ നേതൃത്വത്തിൽ'
dot image

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവ് വളരെ ഗൗരവകരമായാണ് കാണുന്നതെന്ന് ആശുപത്രി അധികൃതർ. നിർഭാഗ്യകരമായ സംഭവമാണിതെന്നും ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും ആശുപത്രി പ്രിൻസിപ്പൽ ഡോ ബി പത്മകുമാർ പറഞ്ഞു. ഉഷ ജോസഫിന് ശസ്ത്രക്രിയ നടത്തിയത് അന്ന് അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കൊവിഡ് കാലത്തും പരിമിതികളിൽ നിന്നുകൊണ്ട് എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കിയാണ് മെഡിക്കൽ കോളെജ് പ്രവർത്തിച്ചിരുന്നത്. അത്തരമൊരു കാലഘട്ടത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായി എന്നുള്ളത് ദൗർഭാഗ്യകരമാണ്, ഗൗരവമായാണ് അതിനെ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. ശസ്ത്രക്രിയക്ക് ഒരു പ്രോട്ടോകോൾ ഉണ്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതടക്കം ചെയ്യണം. അതെല്ലാം ചെയ്തിട്ടുണ്ടെന്ന് രേഖകളിൽ വ്യക്തമാണ്. എന്നിട്ടും ഇത്തരത്തിലൊരു കാര്യം സംഭവിച്ചതിനെ ഗൗരവമായിതന്നെയാണ് എടുക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാരിന്റെ നിർദേശപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് ഉഷ ജോസഫ് ആശുപത്രിയിൽ വന്നത്. 2021 മെയ് 10നായിരുന്നു ഇവർ ചികിത്സ തേടിയത്. 12ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, 15നാണ് ഡിസ്ചാർജ് ചെയ്തത്. അതിന് ശേഷം തുടർ പരിശോധനക്കായി അവർ എത്തിയതായി രേഖകളിലില്ല. എന്നാൽ കഴിഞ്ഞ ദിവസം യൂറോളജി സംബന്ധിയായ പ്രശ്‌നം കാരണം അവർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണുകയും അവിടെനിന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ ഉപകരണം കണ്ടെത്തുകയുമായിരുന്നു. അതിന് പിന്നാലെ അവർ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളെജിൽ വന്ന് ഡോക്ടറെ കണ്ടിരുന്നു. അപ്പോഴാണ് വയറ്റിൽ ഉപകരണമുള്ളകാര്യം മനസിലായത്. വിഷയം ഗൗരവമായി പരിഗണിച്ച്, ആവശ്യമായ പരിശോധനകൾ സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, അതിന് തയ്യാറായിട്ടല്ല വന്നത് എന്നാണ് അവർ അറിയിച്ചത്. സാവകാശം തിരിച്ചുവരാമെന്ന് പറഞ്ഞാണ് പോയത്. പിന്നീട് അവർ സ്വകാര്യ ആശുപത്രിയെ സമീപിച്ചു എന്നാണ് മനസിലായതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

സംഭവത്തിൽ ആശുപത്രി പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തി. കേസ് ഷീറ്റുകളും രേഖകളും പരിശോധിച്ച് ലഭ്യമായ വിവരങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഒരുമണിക്കൂറിനുള്ളിൽ റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഒരു ആശങ്ക ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കിയിട്ടുണ്ട്. അത് ദൂരീകരിച്ച് വീഴ്ചകൾ പരിഹരിച്ച് മെച്ചപ്പെട്ട ചികിത്സ തുടർന്നും നൽകാൻ ശ്രമിക്കുമെന്ന് ഡോ. ബി പത്മകുമാർ പറഞ്ഞു. മെഡിക്കൽ ഉപകരണം വണ്ടാനം മെഡിക്കൽ കോളെജിലേത് തന്നെയാണോ എന്നത് ഉറപ്പിക്കണമെങ്കിൽ അത് പുറത്തെടുത്തതിന് ശേഷം പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ ഹരികുമാർ പറഞ്ഞു. നിലവിൽ സർവീസിൽ ഉള്ളവരും വിരമിച്ചവരും ഉണ്ട്. അന്നത്തെ എച്ച്ഒഡി ആയിരുന്ന ഡോ ലളിതാംബികയുടെ കീഴിലുള്ള യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ ഷാഹിദയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇവർ നിലവിൽ ആലപ്പുഴ മെഡിക്കൽ കോളെജിൽ ഇല്ലെങ്കിലും സർവീസിൽ ഉണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങളിൽ കുറവ് വന്നിട്ടില്ല. രോഗിക്ക് മുൻപ് നടത്തിയ ശസ്ത്രക്രിയയിൽ ഇത്തരം ഉപകരണങ്ങൾ മറന്നു വെച്ചിരുന്നെങ്കിൽ 2021ലെ ആദ്യ ശസ്ത്രക്രിയയിൽ അത് കണ്ടെത്താൻ കഴിയുമായിരുന്നു. വലിയൊരു സർജറിയായിരുന്നു ഉഷയ്ക്ക് നടത്തിയത്. അവർക്ക് സർജറി നടത്തിയ സാഹചര്യം കൂടി പരിഗണിക്കണം. സർജറി ചെയ്യാൻ ആവശ്യമായ സ്റ്റാഫുകൾ അന്ന് ഉണ്ടായിരുന്നില്ല. എങ്കിലും പ്രോട്ടോകോൾ പ്രകാരമാണ് സർജറി നടന്നതെന്നും അധികൃതർ വ്യക്തമാക്കി. സർജറി നടത്തിയ ഡോ ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്. അതേസമയം നാടകീയ രംഗങ്ങളാണ് വാർത്താസമ്മേളനത്തിനിടെ ഉണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചതോടെ പൊലീസെത്തി ഇവരെ പിടിച്ചുമാറ്റി.

Content Highlights: Hospital authorities say they are taking the medical negligence at Vandanam Medical College very seriously

dot image
To advertise here,contact us
dot image