അഖില്‍ മാരാര്‍ ട്വന്റി-20യില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് സാബു എം ജേക്കബ് അറിയിച്ചു.

അഖില്‍ മാരാര്‍ ട്വന്റി-20യില്‍
dot image

കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി-20യില്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു.

താന്‍ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നാണ് അഖില്‍ മാരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 'ചിലപ്പോള്‍ ബിജെപി അനുകൂലമാകും. ചിലപ്പോള്‍ യുഡിഎഫ് അനുകൂലമാകും. മറ്റു ചിലപ്പോള്‍ സിപിഎം അനുകൂല നിലപാട് ആകും. ഞന്‍ കോണ്‍ഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാല്‍ അതുണ്ടായില്ല.

ഭരണം മാറണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. രാജ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് എന്നെ പലരും സംഘിയാക്കിയത്. ശരിയായ നിലപാട് സ്വീകരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ക്രാന്തദര്‍ശിയായ നേതാക്കള്‍ മുന്നില്‍ വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20. കിഴക്കമ്പലം ഒരു വികസന മാതൃകയാണ്. അതുകൊണ്ട് തന്നെ എനിക്ക് ചേരാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണ്,' അഖില്‍ മാരാര്‍ പറഞ്ഞു.

നേരത്തെ അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് എന്‍ഡിഎ പാളയത്തിലേക്ക് അഖില്‍ മാരാര്‍ എത്തുന്നത് എന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍. പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് അഖില്‍ മാരാര്‍. ഇടക്കാലത്ത് കുറച്ചു കാലം ബിജെപിയില്‍ പോയിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ മാരാറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ അടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. സീറ്റ് ചര്‍ച്ചയ്ക്കിടെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങിയില്ല. ഇതോടെ അഖില്‍ മാരാര്‍ കളം മാറ്റിപ്പിടിച്ചു. നേമം, ചടയമംഗലം, ധര്‍മ്മടം തുടങ്ങിയ സീറ്റുകള്‍ ചോദിച്ചു. അതിനും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെയാണ് കോണ്‍ഗ്രസുമായി അഖില്‍ മാരാര്‍ അകന്നത്.

Content Highlights: Akhil Marar joined Twenty20 party. will become NDA candidate

dot image
To advertise here,contact us
dot image