സമരത്തോടുള്ള പ്രതികാരം; 'മാധ്യമ'ത്തിൽ ശമ്പളത്തിനായി സമരം ചെയ്തവരെ കൂട്ടമായി സ്ഥലം മാറ്റി മാനേജ്മെന്റ്

ഉപവാസ സമരം നടത്തി മണിക്കൂറുകൾക്ക് പിന്നാലെ മാധ്യമം പത്രത്തിലെ 37 ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്

സമരത്തോടുള്ള പ്രതികാരം; 'മാധ്യമ'ത്തിൽ ശമ്പളത്തിനായി സമരം ചെയ്തവരെ കൂട്ടമായി സ്ഥലം മാറ്റി മാനേജ്മെന്റ്
dot image

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. സ്ഥാപനത്തിലെ നിരവധി ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുകയാണ് മാധ്യമം മാനേജ്‌മെന്റ്. 22 ജേണലിസ്റ്റുകളെയും 17 നോൺ ജേണലിസ്റ്റുകളെയുമാണ് സ്ഥലം മാറ്റിയത്. ശമ്പളനിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള 24 മണിക്കൂർ ഉപവാസം നടന്ന് വെറും മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴേക്കുമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

പൂർണമായി പ്രവർത്തിക്കാത്ത ബ്യൂറോകളിലേക്ക് പോലും ആളുകളെ മാറ്റിയിട്ടുണ്ടെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി റിപ്പോർട്ടറിനോട് പറഞ്ഞു. അഞ്ച് മാസമായി ശമ്പളം പോലും ലഭിക്കാത്തവരെ ദൂര നാടുകളിലേക്ക് സ്ഥലം മാറ്റുക മാത്രമല്ല, അവർക്ക് അവിടെ താമസിക്കാനുള്ള ഇടം കണ്ടെത്താനുള്ള അലവൻസ് പോലും മാധ്യമം നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടന്ന സമരത്തിൽ കെ പി റെജിയായിരുന്നു 24 മണിക്കൂർ ഉപവാസമിരുന്നത്.

'മാധ്യമത്തിന്റെ തിരുവനന്തപുരത്തെ യൂണിറ്റിൽ നാമമാത്രമായ പ്രവർത്തനങ്ങളെ നടക്കുന്നുള്ളു. അവിടേക്കാണ് കോഴിക്കോടുള്ള ഒരു ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ സ്ഥലം മാറ്റിയിരിക്കുന്നത്. കോഴിക്കോട് സെൻട്രൽ ഡെസ്‌കിലെ പ്രധാന സ്ഥാനത്ത് ഇരിക്കുന്ന ഒരു ജേണലിസ്റ്റിനെ കാസർക്കോടേക്കും മറ്റൊരാളെ ആലപ്പുഴയിലേക്കുമെല്ലാം മാറ്റിയിരിക്കുകയാണ്. ഒരു നീതിയുമില്ലാത്ത സ്ഥലംമാറ്റമാണ് നടന്നിരിക്കുന്നത്.

Madhyamam tranfer order
മാധ്യമം ദിനപ്പത്രിത്തിലെ പുതിയ ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ നിന്ന്

മുൻ കാലങ്ങളിൽ തൊഴിലിടത്തോട് അനുബന്ധിച്ച് താമസസ്ഥലം സ്ഥാപനം ഏർപ്പാട് ചെയ്യുകയും അതിന്റെ വാടക ശമ്പളത്തിൽ നിന്ന് പിടിക്കുകയും ചെയ്യുന്ന സംവിധാനം ഉണ്ടായിരുന്നു. അതുകൊണ്ട് ശമ്പള കുടിശ്ശിക അവരുടെ താമസത്തെ ബാധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പുതിയ ഉത്തരവിൽ സ്വന്തമായി താമസസ്ഥലം കണ്ടെത്തണം എന്നാണ് പറയുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാത്തവർക്ക് പുതിയൊരു സ്ഥലത്ത് പോയി താമസസ്ഥലം കണ്ടു പിടിക്കുക എന്ന് എത്രയോ വലിയ സാമ്പത്തിക ബാധ്യതയായിരിക്കും. ഇത് അവരുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കും. മനുഷ്യത്വരഹിതമായ നടപടിയാണിത്,' കെ പി റെജി പറഞ്ഞു.

ഇതാദ്യമായല്ല മാധ്യമ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടാവുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിൽ പലപ്പോഴായി പ്രതികാര സ്ഥലമാറ്റങ്ങൾ നടന്നിട്ടുണ്ട്. പലപ്പോഴും മറ്റ് വഴികളില്ലാതെ ജീവനക്കാർക്ക് ഇതിന് വഴങ്ങേണ്ടി വരുമായിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്ക് മുൻപ് വന്ന ഒരു സ്ഥല മാറ്റ നടപടിക്കെതിരെ തൊഴിലാളികൾ ലേബർ കമ്മീഷനെ സമീപിച്ചു. ശമ്പള കുടിശ്ശിക സംബന്ധിച്ച് കമ്മീഷനിൽ ചർച്ചകൾ നടക്കുന്ന സമയത്ത് ദ്രോഹകരമായ സ്ഥലമാറ്റം നടത്തുന്നത് തടയണം എന്നായിരുന്നു അന്ന് നൽകിയ പരാതിയുടെ അടിസ്ഥാനം.

Protest for salary at Madhyamam News Paper
മാധ്യമം ദിനപ്പത്രത്തില്‍ നടന്ന ഉപവാസ സമരത്തില്‍ നിന്ന്

പരാതി പരിഗണിച്ച ലേബർ കമ്മീഷണർ സ്ഥലംമാറ്റം നിർത്തിവെക്കണമെന്നും തൊഴിലാളികളുടെ തൽസ്ഥിതി തുടരണമെന്നും മാനേജ്‌മെന്റിന് നിർദേശവും നൽകിയിരുന്നു. ആ നിർദേശം നിലനിൽക്കെ ആണ് ഇപ്പോൾ വീണ്ടും കൂട്ട സ്ഥലമാറ്റം നടത്തിയിരക്കുന്നത് എന്നാണ് കെ പി റെജി അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ ഉത്തരവിന് വില കൽപിക്കാതെ ഒരു സ്ഥാപനം മുന്നോട്ടു പോകുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും കെ പി റെജി അഭിപ്രായപ്പെട്ടു.

അതേസമയം, സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ഉപവാസ സമരം കേരളത്തിലെമ്പാടും ചർച്ചയായിട്ടുണ്ട്. വെളളിമാടുകുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നിൽ ആരംഭിച്ച ഉപവാസ സമരത്തിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ നിന്നടക്കം ലഭിച്ചത്. സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ എത്തിയിരുന്നു. വർഷങ്ങളായി തുടരുന്ന ശമ്പള പ്രതിസന്ധി പരിഹരിക്കുക, അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ശമ്പളം ഗഡുക്കളായും ജീവനക്കാരെ തരംതിരിച്ചും വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എന്നാൽ ജീവനക്കാരുടെ അടിസ്ഥാന അവകാശങ്ങൾ പരിഗണിക്കുന്നതിൽ അനുകൂല നിലപാട് സ്വീകരിക്കാൻ മാധ്യമം മാനേജ്‌മെന്റ് ഇതുവരെയും തയ്യാറായിട്ടില്ല.

Content Highlights: The Madhyamam management took retaliatory action by transferring many employees who protested the non-payment of salaries for several months

dot image
To advertise here,contact us
dot image