മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

'വിയര്‍പ്പാറും മുന്‍പ് ജോലിക്ക് പ്രതിഫലം കൊടുക്കണമെന്ന് പഠിപ്പിച്ച മതത്തിന്റെ പേരിലുള്ള പ്രസ്ഥാനമാണ് അഞ്ച് മാസമായി ശമ്പളം കൊടുക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നത്'

മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ
dot image

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ. മാധ്യമത്തിലെ തൊഴിലാളികള്‍ക്ക് അഞ്ച് മാസമായി ശമ്പളം കൊടുക്കാതെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്നും വിശുദ്ധ റംസാന്‍ മുന്നിലെത്തിയിട്ട് പോലും ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

എടുക്കുന്ന ജോലിയ്ക്ക് വിയര്‍പ്പാറും മുന്‍പേ പ്രതിഫലം കൊടുക്കണമെന്ന് പഠിപ്പിച്ച മതത്തിന്റെ പേരിലുളള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അവരുടെ മുഖപത്രമായ മാധ്യമം സിപിഐഎമ്മിനെപ്പോലും വിപ്ലവം പഠിപ്പിക്കാന്‍ മുന്നിലാണെന്നും വസീഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വസീഫിന്റെ പ്രതികരണം. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് ഡിവൈഎഫ്ഐയുടെ പിന്തുണ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയാണ് 24 മണിക്കൂര്‍ ഉപവാസമിരുന്നത്. വെളളിമാടുകുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നില്‍ ആരംഭിച്ച ഉപവാസ സമരം കെ ടി കുഞ്ഞിക്കണ്ണനാണ് ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന ശമ്പള പ്രതിസന്ധി പരിഹരിക്കുക, അഞ്ചുമാസത്തെ ശമ്പള കുടിശിക ഉടന്‍ വിതരണം ചെയ്യുക, ശമ്പളം ഗഡുക്കളായും ജീവനക്കാരെ തരംതിരിച്ചും വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Content Highlights: Madhyamam management torturing employees by not paying them salaries says V Vasif

dot image
To advertise here,contact us
dot image