

കോഴിക്കോട്: മോദി സർക്കാർ കൊണ്ടുവന്ന ലേബർ കോഡ് നടപ്പിലാക്കാൻ പോകുന്ന ആദ്യ മാധ്യമസ്ഥാപനമായി മാറാനാണ് മാധ്യമം മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് മാധ്യമപ്രവർത്തക വി പി റജീന. മാധ്യമം ദിനപത്രത്തിൽ ശമ്പള പ്രതിസന്ധി തുടരുകയാണെന്നും അഞ്ചുമാസമായി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും റജീന പറഞ്ഞു. ജനാധിപത്യപരമായി നടക്കുന്ന സമരത്തെ സൈബർ പോരാളികളെ അഴിച്ചുവിട്ട് തകർക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ആദ്യമായി വേജ് ബോർഡ് നടപ്പാക്കിയെന്ന് അഭിമാനംകൊണ്ട സ്ഥാപനം തന്നെ മോദി സർക്കാരിന്റെ ലേബർ കോഡ് നടപ്പിലാക്കി ആ ക്രെഡിറ്റ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നും റജീന പറഞ്ഞു.
'ശമ്പള പ്രതിസന്ധി തുടരുകയാണ്. അഞ്ചുമാസമായി ഞങ്ങള്‍ക്ക് ശമ്പളമില്ല. മാനേജ്‌മെന്റുമായി ചര്‍ച്ചയ്ക്ക് നില്‍ക്കുമ്പോള്‍ പോലും, വളരെ ജനാധിപത്യപരമായ നീക്കങ്ങളോട് പോലും മോശമായ സമീപനമാണുളളത്. സ്ഥാപനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന യൂണിയനാണ് സമരം ചെയ്യുന്നത്. സൈബര്‍ പോരാളികളെ അഴിച്ചുവിട്ട് മോശം പ്രചാരണം നടത്തി സമരം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തില്‍ ആദ്യമായി വേജ് ബോര്‍ഡ് നടപ്പാക്കിയ സ്ഥാപനമാണ് മാധ്യമം. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡ് ചട്ടമാകാനിരിക്കെ കേരളത്തില്‍ മാധ്യമമേഖലയില്‍ ആദ്യമായി ലേബര്‍ കോഡ് നടപ്പിലാക്കാന്‍ പോകുന്ന സ്ഥാപനമായി മാറാനാണ് മാധ്യമം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. വേജ് ബോര്‍ഡ് നടപ്പാക്കിയെന്ന് അഭിമാനംകൊണ്ട ഈ സ്ഥാപനം തന്നെ മോദി സര്‍ക്കാരിന്റെ ലേബര്‍ കോഡ് നടപ്പിലാക്കി ക്രെഡിറ്റ് നശിപ്പിക്കാന്‍ ശ്രമിക്കരുത്. വളരെ ജനാധിപത്യപരമായ സമരമാണ് ഞങ്ങള്‍ നടത്തുന്നത്': വി പി റജീന പറഞ്ഞു.
മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളിദ്രോഹ നടപടികള്‍ക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തിയിരുന്നു. കോഴിക്കോട് വെളളിമാടുകുന്നിലെ മാധ്യമം ഓഫീസിന് മുന്നിലാണ് കെ പി റെജിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നത്. മാസങ്ങളായി മുടങ്ങികിടക്കുന്ന ശമ്പളം വിതരണം ചെയ്യാന്‍ തൊഴില്‍വകുപ്പിന്റെ മധ്യസ്ഥതയില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഫലം കാണാതായതോടെയാണ് ജീവനക്കാര്‍ ഉപവാസ സമരത്തിലേക്ക് എത്തിയത്.
Content Highlights: Madhyamam Management is trying to implement the labor code says madhyamam journalist V P Regina