

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാവിലെ പത്ത് മുതൽ രാത്രി 12 വരെയാക്കിയതിന് പിന്നാലെ കോടതിയെ സമീപിക്കാൻ ബാർ ഹോട്ടൽ തൊഴിലാളികളുടെ സംഘടന. സമയമാറ്റം അംഗീകരിക്കാൻ കഴിയാത്ത തീരുമാനമെന്ന് ഓൾ കേരള ബാർ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ദിബു മംഗലശ്ശേരി റിപ്പോർട്ടറിനോട് പറഞ്ഞു.
തൊഴിലാളികൾക്ക് ഒരുപാട് വാഗ്ദാനങ്ങൾ നൽകിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. 2022ൽ അടിസ്ഥാന വേതനം പ്രഖ്യാപിച്ചിട്ടും ഒരു സ്ഥാപനത്തിലും കൃത്യമായി ശമ്പളം നൽകുന്നില്ല. പല തൊഴിലാളികൾക്കും 12000 മുതൽ 15000 വരെയാണ് ശമ്പളം ലഭിക്കുന്നതെന്നും ദിബു മംഗലശ്ശേരി പറഞ്ഞു.
സമയ പരിഷ്‌കരണത്തിൽ തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയ തീരുമാനമാണ് സർക്കാർ എടുത്തത്. പുതിയ സമയക്രമം തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. രാവിലെ 10 മണിക്ക് ബാർ തുറക്കുകയാണെങ്കിൽ രാവിലെ എട്ടരയ്ക്ക് ജോലിക്ക് എത്തേണ്ടി വരും. രാത്രി 12 മണിക്ക് ബാർ അടച്ചാൽ വീട്ടിലെത്തുമ്പോൾ പുലർച്ചെ രണ്ട് മണി കഴിയും. ഉറങ്ങാനോ കുടുംബത്തെ സംരക്ഷിക്കാനോ കഴിയില്ലെന്നും ദിബു മംഗലശ്ശേരി വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശ പത്രിക മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും നേരത്തെ നൽകിയിരുന്നു. ബാർ ഉടമകളുടെ ആവശ്യപ്രകാരം ഏകപക്ഷീയമായാണ് തീരുമാനം നടപ്പിലാക്കിയത്. സംസ്ഥാന കമ്മിറ്റി ചേർന്ന് പ്രക്ഷോഭ പരിപാടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്. എന്നാലിത് രാവിലെ പത്ത് മുതൽ രാത്രി 12വരെയാക്കി മാറ്റാനാണ് സർക്കാർ തീരുമാനം. വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ മുൻനിർത്തിയാണ് തീരുമാനമെന്നാണ് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം. ബാർ ഉടമകളുടെ ദീർഘകാല ആവശ്യം അംഗീകരിച്ചതോടെ ഇനി ദിവസേന രണ്ട് മണിക്കൂർ അധികം ഇവ പ്രവർത്തിക്കുക. മുൻപ് ടൂറിസം മേഖലയിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഈ ആനുകൂല്യം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതി മറ്റ് ബാറുടമകൾ ഉന്നയിച്ചിരുന്നു.
അതേസമയം ബാർ സമയം ദീർഘിപ്പിച്ചു എന്നത് തെറ്റായ വാർത്തയാണെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ വിശദീകരണം. സമയം ഏകീകരിക്കുകയാണ് ചെയ്തത്. ടൂറിസം സ്ഥലങ്ങളിൽ നേരത്തെ പന്ത്രണ്ട് മണിവരെയായിരുന്നു സമയം. വിവേചനം നിലനിൽക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമയം ഏകീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.
വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷവും ഓർത്തഡോക്‌സ് സഭയും കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Bar and hotel workers' association to approach court after bars' operating hours extended from 10 am to 12 am in the state