നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; ഭക്ഷണം നേരത്തെ ഉണ്ടാക്കി വെക്കാറില്ല: ഹോട്ടല്‍ ഉടമ

ഒരുപാട് പേര്‍ ഹോട്ടലില്‍ വരുന്നത് കൊണ്ട് ഇവരെ ഓര്‍മയില്ലെന്നും ഉടമ

നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; ഭക്ഷണം നേരത്തെ ഉണ്ടാക്കി വെക്കാറില്ല: ഹോട്ടല്‍ ഉടമ
dot image

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹോട്ടല്‍ ഉടമ. നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒരു ടേബിളില്‍ നാല് പേര്‍ മുതല്‍ 16 പേര്‍ വരെ ഇരിക്കുന്ന സംവിധാനമുണ്ട്. ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല. ഒരുപാട് പേര്‍ ഹോട്ടലില്‍ വരുന്നത് കൊണ്ട് ഇവരെ ഓര്‍മയില്ല. ആറോളം ഇനം മീനുകള്‍ ഉണ്ട്. കൊഞ്ച്, കണവ, മീന്‍മുട്ട എന്നിവയുമുണ്ട്. ഒന്നും നേരത്തെ ഉണ്ടാക്കി വെക്കാറില്ല. ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തുന്ന സ്ഥലം ആണെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു. ഇവര്‍ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീന്‍ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്.

ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇസിജിയില്‍ പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷാജിയെ അലര്‍ജി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അലര്‍ജിയാണ് മരണകാരണമായതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ ഹോട്ടല്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും.

Content Highlights: vizhinjam hotel owner responds to the incident in which two people fell ill and died after eating fish dishes

dot image
To advertise here,contact us
dot image