

തിരുവനന്ദപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും എസ്‌ഐടി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്‌ഐടിയുടെ പരാമര്‍ശം. 2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില്‍ പുതിയ ബോര്‍ഡ് ഉത്തരവിറക്കിയെന്നും എസ്‌ഐടി. ശബരിമലയിലെ സ്വര്‍ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണമുണ്ടാക്കാന്‍ അവസരം ഒരുക്കിയെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ അപഹരണം മറക്കാനാണ് 2025 വീണ്ടും സ്വര്‍ണം പൂശല്‍ നടത്തിയതെന്ന് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുന്‍ അംഗം എ അജികുമാര്‍ എന്നിവര്‍ റിമാന്‍ഡിലാണ്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും 13 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഇരുവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: SIT Remand Report Alleges Conspiracy Role of PS Prashanth and Ajikumar in Sabarimala Gold Theft Case