ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം
dot image

കൊല്ലം: നിലമേലില്‍ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സതേടിയ രണ്ടുപേര്‍ മരിച്ചു. ഭക്ഷ്യവിഷ ബാധയെന്ന് ബന്ധുക്കൾ ആരോപിച്ചു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു.

ഇവര്‍ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീന്‍ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്.

ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇസിജിയില്‍ പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഷാജിയെ തിരു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷാജിയെ അലര്‍ജി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അലര്‍ജിയാണ് മരണകാരണമായതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ ഹോട്ടല്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും.

Content Highlights: Two people who sought treatment for physical ailments died at kollam

dot image
To advertise here,contact us
dot image