പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുത്ത് എ സുരേഷ്

ഇടതുപക്ഷ മൂല്യം കേരളത്തിൽ ഉയർത്തിപ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവർ അസംതൃപ്തരാണെന്നും എ സുരേഷ് പറഞ്ഞു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുത്ത് എ സുരേഷ്
dot image

പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സൺ അസിസ്റ്റന്റായിരുന്ന എ സുരേഷ് യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് നടന്ന സമ്മേളന വേദിയിലാണ് എ സുരേഷ് പങ്കെടുത്തത്. പതിമൂന്ന് കൊല്ലമായി താൻ അനുഭവിച്ച എല്ലാ വേദനകളും ഇന്നലെ അവസാനിച്ചെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്നുവെന്നും സുരേഷ് പറഞ്ഞു. വി എസിന് നൽകിയ ക്യാപിറ്റൽ പണിഷ്‌മെന്റ് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഇടതുപക്ഷ മൂല്യം കേരളത്തിൽ ഉയർത്തിപ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവർ അസംതൃപ്തരാണെന്നും എ സുരേഷ് കൂട്ടിച്ചേർത്തു. അതേസമയം നല്ല കമ്മ്യൂണിസ്റ്റ് യുഡിഎഫിന് ഒപ്പമെന്നാണ് എ സുരേഷിന്റെ സാന്നിധ്യത്തെ ഷാഫി പറമ്പിൽ എംപി വിശേഷിപ്പിച്ചത്. യുഡിഎഫ് വിസ്മയം പാലക്കാട് നിന്ന് ആരംഭിച്ചിരിക്കുന്നുവെന്ന് എൻ ഷംസുദ്ദീൻ എംഎൽഎയും പ്രതികരിച്ചു. മലമ്പുഴയിൽ എ സുരേഷ് കോൺഗ്രസിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് സുരേഷ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ എത്തിയത്.

2013ൽ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഐഎം പുറത്താക്കിയത്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാൽ ഇക്കാലയളവിലും താൻ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു.

Content Highlights: A Suresh, former PA of Ex chiefminister V S Achuthananthan slams LDF in UDF's Puthuyuga yatra held at Palakkad

dot image
To advertise here,contact us
dot image