പുരോഗമന ചിന്ത ഉണ്ടാകേണ്ടത് വിശ്വാസങ്ങളെ തകർത്തല്ല, അതിനുള്ള മാർഗ്ഗങ്ങളും വേദികളും വേറെയുണ്ട്: ജി സുകുമാരൻ നായർ

'കോടതി ന്യായമായ തീരുമാനമെടുക്കും എന്നാണ് കരുതുന്നത്'

പുരോഗമന ചിന്ത ഉണ്ടാകേണ്ടത് വിശ്വാസങ്ങളെ തകർത്തല്ല, അതിനുള്ള മാർഗ്ഗങ്ങളും വേദികളും വേറെയുണ്ട്: ജി സുകുമാരൻ നായർ
dot image

തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി സര്‍ക്കാര്‍ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എന്‍ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. യുവതി പ്രവേശനമാകാമെന്ന മുന്‍ നിലപാട് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിരുത്തണമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കണമെന്നും ജി സുകുമാരൻ നായർ ആവര്‍ത്തിച്ചു.

കോടതി ന്യായമായ തീരുമാനമെടുക്കും എന്നാണ് കരുതുന്നത്. കേന്ദ്ര ഇടപെടല്‍ അറിഞ്ഞിട്ടില്ല. നിലവില്‍ ആചാരങ്ങള്‍ സര്‍ക്കാര്‍ തുടര്‍ന്നുപോരുന്നുണ്ട്. അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയൊരു ധാരണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നില്ല എന്ന് ആരാണ് പറയുന്നതെന്നും ഒരു പ്രായപരിധിയിലുള്ള സ്ത്രീകളെയാണ് കയറ്റാത്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പുരോഗമന ചിന്ത ഉണ്ടാകേണ്ടത് വിശ്വാസങ്ങളെ തകര്‍ത്തല്ല. അതിനുള്ള മാര്‍ഗ്ഗങ്ങളും വേദികളും വേറെയുണ്ട്. നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസ് സംബന്ധിച്ച് സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ട്. പരാതികളെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. കുറേപ്പേരെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് അറിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല യുവതീപ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഏഴ് മുതല്‍ 22 വരെ വാദം കേള്‍ക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനഃസംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു.

പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ഓടുകൂടി വാദം അവസാനിപ്പിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ വിവരങ്ങള്‍ അറിയിക്കും.

Content Highlights: NSS General Secretary Sukumaran Nair says the government will take a stand to protect rituals at Sabarimala

dot image
To advertise here,contact us
dot image