

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ പരാതിയുമായി അധ്യാപിക. തന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മതനിഷേധം ആരോപിച്ച് ഫാറൂഖ് കോളേജ് പള്ളിയില്‍ തനിക്കെതിരെയും പ്രകാശന പരിപാടി സംഘടിപ്പിച്ച കോളേജ് സ്റ്റാഫ് ക്ലബിനുമെതിയും അവഹേളന പരാമർശം ഉണ്ടായെന്നാണ് ആരോപണം. ശബ്‌നം നൂര്‍ജഹാനാണ് പരാതി നൽകിയത്. പുസ്തകം തങ്ങളുടെ നയങ്ങൾക്കെതിരാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച പ്രസംഗത്തിൽ പരസ്യമായി അലി മദനി മൊറയൂര്‍ ഇമാം അവഹേളിച്ചെന്ന് പരാതിയിൽ പറയുന്നു. 'ഫാറൂഖ് കോളേജിലെ സലഫി മതപോലീസ്' എന്ന തലക്കെട്ടിൽ ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കാമില റൂമിയുടെ പ്രണയം എന്ന പുസ്തകത്തിനെതിരെയാണ് വിമർശനം. ആദ്യ പുസ്തകം പ്രകാശനം ചെയ്തപ്പോഴും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും അധ്യാപിക പറയുന്നു.
അധ്യാപിക പങ്കുവെച്ച കുറിപ്പ്
സുഹൃത്തുക്കളെ,
കോഴിക്കോട് ഫാറൂഖ് കോളേജ് അധ്യാപികയായ ഞാന്‍`കാമില: റൂമിയുടെ പ്രണയി' എന്ന നോവല്‍ അടുത്തിടെ മാതൃഭൂമി ബുക്‌സില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ദൈവത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഫാറൂഖ് കോളേജ് പള്ളിയില്‍ എനിക്കെതിരെയും, പ്രകാശനപരിപാടി സംഘടിപ്പിച്ച കോളേജ് സ്റ്റാഫ് ക്ലബിനുമെതിരെയും ജുമുഅ ഖുതുബയില്‍ ഇന്നലെ അവഹേളന പരാമര്‍ശം നടന്നിരിക്കുന്നു.
എന്റെ ആദ്യപുസ്തകം ഒലിവ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'ഇസ്ലാം : പ്രണയം സമര്‍പ്പണം' പുറത്തിറങ്ങിയപ്പോഴും സമാനപ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. ഈ മഹത്തായ കലാലയത്തിന്റെ പേര് പൊതു ഇടങ്ങളില്‍ ഈ വിധം ചര്‍ച്ചചെയ്യപ്പെടാന്‍ ഞാന്‍ കാരണമാകേണ്ട എന്നു കരുതിയാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. ഇനി വയ്യ. ഇവര്‍ സീമകള്‍ അതിലംഘിക്കുന്നു. എനിക്ക് ഈ സ്ഥാപനത്തോടുള്ള നന്ദിയും സ്നേഹവും അറിയിക്കാനുള്ള നേരമായിരിക്കുന്നു.
ഞാന്‍ എഴുതിയത് ഒരു സൂഫീനോവലാണ്. ആത്മീയ ജ്ഞാനത്തെയും, ദിവ്യാനുരാഗത്തെയും
കാവ്യാത്മകമായി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സൂഫികള്‍ മദ്യത്തെയും ലഹരിയെയും സ്ത്രീകളെയുമെല്ലാം രചനകളില്‍ രൂപകങ്ങളായി ഉപയോഗിക്കാറുണ്ട്. ഇക്കാരണത്താല്‍ മതത്തിന്റെയും ഭൗതികതയുടേയുമായ രണ്ടിടങ്ങളിലും അവര്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് ( ഒമര്‍ ഖയ്യാമിന്റെ പേര് മദ്യശാലകള്‍ക്ക് നല്‍കിയ പോലെ). അതുകൊണ്ടു തന്നെ സൂഫീസാഹിത്യ രീതികളെ കുറിച്ചോ എന്തിന്, സര്‍ഗ്ഗാത്മകമായ വര്‍ണനകളെ കുറിച്ചോ പോലും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ സലഫീപൗരോഹിത്യ കൂട്ടങ്ങളില്‍ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്.
എങ്കിലും ഒരു സാഹിത്യസൃഷ്ടിയെ, കഥാപാത്രത്തെ, പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് അവലോകനം ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ; കുറഞ്ഞപക്ഷം ആ ഗ്രന്ഥം ഒന്നു വായിച്ചുനോക്കുന്നത് നല്ലതായിരിക്കും.
ഈ കോളേജിന്റെ സ്ഥാപകനായ അബുസ്സബാഹ് മൗലവി ഒരു സൂഫിയായിരുന്നെന്ന് ഇവര്‍ സമ്മതിക്കുകയില്ലായിരിക്കാം.
എന്നാല്‍, കോളേജിലെ എക്കാലത്തേയും പ്രഗല്‍ഭരായ അധ്യാപകരില്‍ എണ്ണം പറഞ്ഞ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് സാര്‍ ഒരു നിരീശ്വരവാദിയായിരുന്നു എന്നറിയാമല്ലോ. പല ആശയങ്ങളുമായി ജീവിച്ച പലരും എക്കാലവും ഈ കലാലയത്തിലുണ്ടായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ, ബഹുസ്വരതയെ എന്നും ചേര്‍ത്തുപിടിക്കുന്ന പാരമ്പര്യമുള്ള ഈ സ്ഥാപനത്തെ സലഫീ ആശയധാരയുടെ കുടുസ്സാര്‍ന്ന ചിന്ത പിടിമുറുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായിട്ടില്ല.
ഈ സലഫിപൗരോഹിത്യത്തിന് ലോകത്തൊരേയൊരു ശരി അവര്‍ മാത്രമാണ്. അവരുടെ കാലഹരണപ്പെട്ട നിയമങ്ങള്‍ക്കപ്പുറം ആരു സംസാരിച്ചാലും അസഹിഷ്ണുതയാണ്.
1കോളേജില്‍ ഓണാഘോഷവും സദ്യയും ഒരുക്കുന്നത് ഇവര്‍ക്ക് മതവിരുദ്ധമാണ്.
2ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇവര്‍ക്ക് നിഷിദ്ധം.
3വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ വര്‍ണ്ണാഭമായി അണിഞ്ഞൊരുങ്ങുന്നത് ഇവര്‍ക്ക് അസഹനീയം.
4കമ്മ്യൂണിസ്റ്റ് പരിപാടികള്‍ ഇവര്‍ക്ക് അധാര്‍മ്മിക ലിബറലിസം.
5ആത്മീയ സൂഫീസംഗീതം പോലും ഇവര്‍ക്ക് മതനിന്ദാ കുറ്റം.
6കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്താല്‍ അതിവര്‍ക്ക്അധമപാപം.
ഇങ്ങനെ, അവരുടെ രീതിയല്ലാത്ത എന്തു സംഭവിച്ചാലും ശത്രുതയാണ്. പിന്നെ തൊട്ടടുത്ത ആഴ്ചയിലെ ജുമുഅ ഖുതുബ വിഷയം അതായിരിക്കും. ബന്ധപ്പെട്ടവര്‍ക്ക് ശകാരവര്‍ഷവും ലഭിക്കും. സഊദിയിലെ മത പോലീസിനെയും
താലിബാനി മുതവകളേയും പോലെ, കാമ്പസിലേക്ക് ഈ വിധേനെ ഇവര്‍ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
കലാലയത്തിനകത്തേക്ക് മതാന്ധതയുടെ കണ്ണട വെച്ചുള്ള ഒളിഞ്ഞുനോട്ടവും, അത് പള്ളിയില്‍ പറഞ്ഞു അവഹേളിച്ചു കളയുമെന്ന ഭീഷണിയുമായി കുറെ നാളായി ഇവര്‍ ഇവിടം വാഴുന്നു. അതങ്ങു 'പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി'യെന്നേ എനിക്കും പറയാനുള്ളൂ.
അവരുടെ കണ്ണിലെ ശരി തെറ്റിലൂടെ ഇവിടെ നടക്കുന്ന ഓരോന്നും വിലയിരുത്തപ്പെടേണ്ട ദുരവസ്ഥ ഇനിയും ഈ അതുല്ല്യമായ കലാലയത്തിനില്ല. സദാചാര പോലീസിങ് നടത്തി ഇവിടത്തെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നിയന്ത്രിക്കാനുള്ള ഈ ശ്രമം മാനേജ്‌മെന്റ് ചെറുക്കുക തന്നെ വേണം. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഒരു പൊതു സ്ഥാപനമാണ് ഇതെന്ന് ഇവര്‍ ഈ വിധം മറന്ന് പോയിക്കൂടാ.
പള്ളിയിലെ പ്രസംഗപീഠത്തില്‍ കയറി നിന്ന് ശാസനകള്‍ ഉച്ചത്തില്‍ ഉരുവിടുന്നവരേ,
എന്നെ പോലെ നിങ്ങള്‍ അവഹേളിച്ച മനുഷ്യര്‍ക്കൊന്നും നിങ്ങളുടെ മുന്നിലുള്ള പ്രസംഗപീഠമോ, കാഴ്ചക്കാരോ ഉണ്ടാവുകയില്ലെന്ന ധൈര്യമായിരിക്കാം നിങ്ങള്‍ക്ക്. പക്ഷേ, പേനയുള്ളിടത്തോളം കാലം, സത്യത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന അസംഖ്യം മനുഷ്യരുമുള്ളിടത്തോളം കാലം, നമ്മുടെ ശബ്ദവും ശ്രവിക്കപ്പെടുമെന്നറിയുക.
ഈ കലാലയത്തിന്റെ പൂര്‍വികര്‍ വഖഫായി നല്‍കിയ സ്വത്താണിതെന്നും ആറക്കസംഖ്യ ശമ്പളം വാങ്ങുന്നതിന് നന്ദി കാണിക്കണമെന്നും നിങ്ങള്‍ ഉദ്‌ഘോഷിക്കുകയുണ്ടായി. ഈ സലഫീ നിയന്ത്രണങ്ങളെ അംഗീകരിക്കലാണോ നന്ദി! അങ്ങനെയെങ്കില്‍ ഈ കലാലയവുമായി ബന്ധപ്പെടുന്ന ഇതരമതസ്ഥരും നിങ്ങളുടെയീ തിട്ടൂരങ്ങളെ അനുസരിക്കേണ്ടി വരുമോ? സെക്കുലര്‍ സ്റ്റേറ്റില്‍, സര്‍ക്കാറിനു കീഴില്‍ നിലനില്‍ക്കുന്ന സംവിധാനമാണ് ഫാറൂഖ് കോളേജ്. ന്യൂനപക്ഷങ്ങളുടെ ഉന്നമനമായിരുന്നു ഉദ്ദേശലക്ഷ്യം. ഈ സ്ഥാപനം വിഭാവന ചെയ്തവരുടെ ഹൃദയാഭിലാഷം പാലിക്കപ്പെടുക തന്നെ വേണം. അത് വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിലേക്കും വിവേകത്തിലേക്കും കൈപിടിക്കലാണ്. ഇവിടെയുള്ള ഓരോരുത്തരും പുതിയ അറിവുകളിലേക്ക് സ്വയം വളര്‍ന്നു കൊണ്ടാണത്.
അഭിപ്രായവ്യത്യാസമുള്ളവരെയും സഹോദരതുല്ല്യം മാനിച്ചുകൊണ്ടാണ്. എന്റെ അധ്യാപനത്തില്‍ ഓരോ ദിവസവും, ഓരോ ക്ലാസ്സിലും ഞാനത് പാലിക്കാറുമുണ്ട്. അല്ലാതെ പൂര്‍വ്വസൂരികള്‍ വിഭാവന ചെയ്തത് ഒരിക്കലും സ്ത്രീവിരുദ്ധതയുടേയും മാനവികവിരുദ്ധതയുടേയും ഈ അന്ധകാരം ചുറ്റും പരത്തലല്ല.
സ്ഥാപകനായ അബുസ്സബാഹിന്റെ (അഥവാ 'ഉദയത്തിന്റെ പിതാവ്') പേരിലുള്ള മഹനീയമായ ലൈബ്രറി കെട്ടിടത്തിലിരുന്ന് ഞാനെഴുതിയ പുസ്തകമാണിത്. ഈ കലാലയം ഒരുദയം തന്നെയായിരുന്നു. രാജ്യത്തിന്റെ വിജ്ഞാനചക്രവാളത്തില്‍ എണ്‍പതാണ്ടുകള്‍ പിന്നിടാന്‍ പോകുന്ന മഹാപ്രസ്ഥാനം. ഇവിടെ ഇരുള്‍ മൂടുവാന്‍ സമ്മതിക്കുകയില്ല എന്നു തന്നെയാണ് എനിക്ക് പറയാനുള്ളതും.
ആ മഹാമനുഷ്യന്റെ ഉദ്ദേശത്തെ ഹൃദയത്തിലേന്തി തന്നെ നിര്‍ഭയം അറിയിക്കട്ടെ; പ്രകാശം പരത്തുക തന്നെയാണ് ലക്ഷ്യം. യഥാര്‍ത്ഥ പ്രകാശം!
Content Highlights: Farooq College teacher files complaint of being insulted for Imaam