രമേശ് ചെന്നിത്തലയുടെ തുഗ്ലക്ക് പരാമർശം: വെറുമൊരു ശൈലിയായി സാമാന്യവൽക്കരിക്കാൻ കഴിയില്ല: മന്ത്രി വി ശിവൻകുട്ടി

'രാഷ്ട്രീയമായ വിയോജിപ്പുകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. എന്നാൽ ആ വിമർശനത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളിൽ പോലും ബോധപൂർവ്വം ചില പേരുകൾ തിരുകിക്കയറ്റുന്നത് നിർഭാഗ്യകരമാണ്'

രമേശ് ചെന്നിത്തലയുടെ തുഗ്ലക്ക് പരാമർശം: വെറുമൊരു ശൈലിയായി സാമാന്യവൽക്കരിക്കാൻ കഴിയില്ല: മന്ത്രി വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: പാഠപുസ്തക വിതരണം നേരത്തെ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരി എന്ന അർത്ഥത്തിലാണ് 'തുഗ്ലക്ക്' എന്ന പേര് അദ്ദേഹം ഉപയോഗിച്ചതെങ്കിൽ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. സമീപകാല ചരിത്രത്തിൽ തന്നെ ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾ എടുത്ത ഭരണാധികാരികൾ നിരവധിയാണ്. പരാജയപ്പെട്ട തീരുമാനങ്ങൾ എടുത്തവരിൽ കോൺഗ്രസ്, ബിജെപി പ്രധാനമന്ത്രിമാർ അടക്കം പലരുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:

മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേര് മാത്രം കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിലെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുന്നുണ്ട്. ഇതിനെ വെറുമൊരു ശൈലി'യായി കണ്ട് സാമാന്യവൽക്കരിക്കാൻ കഴിയില്ലയെന്നും മന്ത്രി പറഞ്ഞു. യഥാർത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലർത്തേണ്ട സൂക്ഷ്മത കൂടിയാണ്. രാഷ്ട്രീയമായ വിയോജിപ്പുകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. എന്നാൽ ആ വിമർശനത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളിൽ പോലും ബോധപൂർവ്വം ചില പേരുകൾ തിരുകിക്കയറ്റുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്നതിന് മുൻപ് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം വന്നത്. അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണ് പാഠപുസ്തക വിതരണം നടത്തുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'എട്ടാം ക്ലാസിലെ വിദ്യാർത്ഥി ഒൻപതാം ക്ലാസിലേക്ക് ജയിച്ചോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ?. ശിവൻകുട്ടിയാണോ ഇക്കാര്യം തീരുമാനിക്കുന്നത്. പരീക്ഷാ പേപ്പർ നേക്കണ്ടേ?. എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്?. തങ്ങൾ പുസ്തകം നേരത്തേ അടിച്ചു എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. അതെന്താ വലിയ ഭരണനേട്ടമാണോ?. കേരളത്തിൽ നേരത്തേ പുസ്തകം കൊടുത്തിട്ടില്ലേ?, പണ്ട് എഴുത്തോലയിലായിരുന്നു എഴുതി പഠിച്ചിരുന്നത്', എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. 'മഴവില്ലിലെ വർണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോൾ 'തുഗ്ലക്ക് പരിഷ്‌കാരം' എന്ന് പറയുന്നത്' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

രാഷ്ട്രീയമായ വിയോജിപ്പുകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. എന്നാൽ ആ വിമർശനത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളിൽ പോലും ബോധപൂർവ്വം ചില പേരുകൾ തിരുകിക്കയറ്റുന്നത് നിർഭാഗ്യകരമാണ്. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമർശത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരി എന്ന അർത്ഥത്തിലാണ് 'തുഗ്ലക്ക്' എന്ന പേര് അദ്ദേഹം ഉപയോഗിച്ചതെങ്കിൽ, ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. സമീപകാല ചരിത്രത്തിൽ തന്നെ ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾ എടുത്ത ഭരണാധികാരികൾ നിരവധിയാണ്.

പരാജയപ്പെട്ട തീരുമാനങ്ങൾ എടുത്തവരിൽ കോൺഗ്രസ്, ബിജെപി പ്രധാനമന്ത്രിമാർ അടക്കം പലരുമുണ്ടായിട്ടും, 'മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ' പേര് മാത്രം കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിലെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുന്നുണ്ട്. ഇതിനെ വെറുമൊരു 'ശൈലി'യായി കണ്ട് സാമാന്യവൽക്കരിക്കാൻ കഴിയില്ല. യഥാർത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലർത്തേണ്ട സൂക്ഷ്മത കൂടിയാണ്.

Content Highlight : Minister V Sivankutty criticized the statement of congress leader Ramesh Chennithala on his remarks about early textbook distribution

dot image
To advertise here,contact us
dot image