

കൊച്ചി: മുന്‍ എംഎല്‍എ പി ടി കുഞ്ഞുമുഹമ്മദില്‍ നിന്ന് നേരിട്ട അതിക്രമം റിപ്പോർട്ടറിനോട് തുറന്ന് പറഞ്ഞ് സംവിധായക ഡോ. ആശ ആച്ചി ജോസഫ്. ലൈംഗികാതിക്രമം അപ്രതീക്ഷിതമായിരുന്നു എന്നും അവിടെ നിന്ന് തനിക്ക് ഓടി പോരേണ്ട അവസ്ഥയുണ്ടായെന്നും ആശ ആച്ചി പറഞ്ഞു. അതിക്രമമുണ്ടായപ്പോൾ പതറിപ്പോയി. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് പരാതി നൽകുന്നതിനെ കുറിച്ച് ആലോചിച്ചത്. റിപ്പോര്‍ട്ടര്‍ ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആശ ആച്ചി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതിക്രമത്തിൽ പരാതി കൊടുക്കണമോ എന്ന് ആദ്യം സംശയം തോന്നിയെന്നും സുഹൃത്തുക്കളുമായി ആലോചിച്ചപ്പോൾ താനാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞുവെന്നും ആശ ആച്ചി പറഞ്ഞു. മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ പരാതിയില്ലെന്ന് പറയാൻ ചിലർ ആവശ്യപ്പെട്ടു. സിനിമ- രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവരാണ് ആവശ്യപ്പെട്ടത്. രഹസ്യമൊഴി നൽകുമ്പോഴും പരാതിയില്ലെന്ന് പറയാൻ പലരും ആവശ്യപ്പെട്ടു. പി ടി കുഞ്ഞുമുഹമ്മദ് നേരിട്ട് ബന്ധപ്പെട്ടില്ലെങ്കിലും ചിലർ വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ആശ ആച്ചി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് തന്നെ ഫോണിൽ ബന്ധപ്പെട്ടവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. അവരിൽ പലരും തൻ്റെ സുഹൃത്തുക്കളാണ്. മാപ്പ് പറഞ്ഞ് അവസാനിപ്പിക്കാൻ പറ്റുന്ന വിഷയമാണോ എന്ന് അവരോട് താൻ ചോദിച്ചിരുന്നുവെന്നും ആശ ആച്ചി പറഞ്ഞു. ഇതാണ് പൊതുബോധം. ഇരട്ട നീതി പാടില്ല. സ്ത്രീ സുരക്ഷ എന്നാൽ എല്ലാ സ്ത്രീകളുടേതുമാകണം. അതിൽ നിറം ചേർക്കാനാകില്ല. പക്ഷപാതം അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്നുണ്ട്. അതിൽ തനിക്ക് ഭയം ഉണ്ട്. ഈ സിസ്റ്റം വരും തലമുറയെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. കഴിഞ്ഞ ദിവസം എഴുത്തിയ ആ ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ തനിക്ക് 25 ലേറെ ദിവസം എടുത്തു. തനിക്ക് മുമ്പുള്ള സ്ത്രീകള്‍ എങ്ങനെയാകും ഇതെല്ലാം നേരിട്ടതെന്ന ആശങ്കയും ആശ ആച്ചി പങ്കുവെച്ചു.
മുഖ്യമന്ത്രിക്ക് കത്തെഴുതിയാൽ മാത്രമേ കാര്യങ്ങൾ നടക്കുന്നുള്ളുവെന്നും പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സിസ്റ്റമെന്നും ആശ ആച്ചി ചോദിച്ചു. അത് ജനാധിപത്യത്തെ എതിർക്കുന്ന രീതിയാണ്. പുരുഷന്മാരോടോ വളരെ പവർഫുള്ളായിട്ടുള്ള ആളുകളോടോ ഇത്തരം ചാരിറ്റി സ്വഭാവം കാണിക്കാൻ പറ്റില്ലല്ലോയെന്നും ആശ ചോദിച്ചു. സ്വയം പ്രതികരിച്ചാൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടുപോകുകയുള്ളൂ. പിന്തുണ നൽകാൻ ആളുകൾ ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നും ആശ ആച്ചി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് നൽകിയത് മൂന്ന് പേജുള്ള കത്താണ്. പൊലീസ് നാല് ദിവസം കഴിഞ്ഞപ്പോൾ മൊഴിയെടുത്തു. മൊഴിയെടുത്ത് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യ സമയത്ത് പബ്ലിക് പ്രോസിക്യൂട്ടർ തന്റെ ഭാഗം കേട്ടില്ല. എല്ലാം അറിയാമെന്ന് പറഞ്ഞിട്ടും മുൻകൂർ ജാമ്യം ലഭിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാൻ ആലോചിക്കുന്നുണ്ടെന്നും ആശ പറഞ്ഞു.
Content Highlight : Asha Aachi clarified that the complaint against p t kunju muhammed in an exclusive interview with Reporter TV Executive Editor Smriti Paruthikad.