

ആലപ്പുഴ: പാഠപുസ്തക വിതരണം നേരത്തേ നടത്തുന്നത് തുഗ്ലക്ക് പരിഷ്ക്കാരമാണെന്നുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. വരുന്ന അധ്യയന വര്‍ഷത്തിലേക്കായി വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പാഠപുസ്തകം എത്തിക്കാന്‍ കഴിയുക എന്നത് ഭരണകൂടത്തിന്റ മികവാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്തെ അനാസ്ഥയിലും അനിശ്ചിതത്വത്തിലും ശീലിച്ചുപോയവര്‍ക്ക് ഈ വേഗത ദഹിക്കില്ല എന്നത് സ്വാഭാവികം മാത്രമാണെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
യുഡിഎഫ് കാലത്ത് ഒരു തവണ മാത്രമേ പുസ്തകം വൈകിയിട്ടുള്ളൂ എന്ന് വിശദീകരിക്കുന്ന പ്രതിപക്ഷ നേതാവ്, പൊതുജനത്തിന് മറവി സംഭവിക്കില്ലെന്ന് മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് അച്ചടിക്കാതെ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയതും, പഠനം മുടങ്ങാതിരിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പുസ്തകങ്ങള്‍ യുഡിഎഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ വലിച്ചെറിഞ്ഞതും ഇവിടുത്തെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഓണപ്പരീക്ഷ വൈകിയപ്പോള്‍ അത് എന്ന് നടക്കും എന്ന് ചോദ്യത്തിന് 'ഓണം നേരത്തെ വന്നതാണെന്ന്' പരിഹസിച്ചു പറഞ്ഞ ഒരു വിദ്യാഭ്യാസ മന്ത്രി യുഡിഎഫിനുണ്ടായിരുന്നു. അത്തരം വിചിത്രമായ വാദങ്ങള്‍ കേട്ടു ശീലിച്ചവര്‍ക്ക് ഇന്ന് പുസ്തകം നേരത്തെ നല്‍കുന്നത് വലിയ അപരാധമായി തോന്നുന്നതില്‍ അത്ഭുതമില്ലെന്നും മന്ത്രി പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ആര്‍ജ്ജിച്ച കരുത്തിനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ മികവിനെയും പരിഹസിക്കാനിറങ്ങിയ ശ്രീ. രമേശ് ചെന്നിത്തലയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഒന്‍പതാം ക്ലാസിലെ കുട്ടി ജയിച്ചോ എന്നറിയുന്നതിന് മുന്‍പേ പാഠപുസ്തകം നല്‍കുന്നത് 'തുഗ്ലക്ക് പരിഷ്‌കാരം' ആണെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം. അടുത്ത അധ്യയന വര്‍ഷത്തേക്ക് കൃത്യസമയത്ത് പുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തിക്കുന്നത് ഒരു ഭരണകൂടത്തിന്റെ കാര്യക്ഷമതയുടെ അടയാളമാണ്. യുഡിഎഫ് ഭരണകാലത്തെ അനാസ്ഥയിലും അനിശ്ചിതത്വത്തിലും ശീലിച്ചുപോയവര്‍ക്ക് ഈ വേഗത ദഹിക്കില്ല എന്നത് സ്വാഭാവികം മാത്രമാണ്. യുഡിഎഫ് കാലത്ത് വിദ്യാഭ്യാസ വകുപ്പ് ഒരു 'ഈജിയന്‍ തൊഴുത്താണെന്ന്' വിശേഷിപ്പിച്ചത് ഇടതുപക്ഷമല്ല, സാക്ഷാല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം തന്നെയായിരുന്നു എന്നത് കേരളം മറന്നിട്ടില്ല. അത്രമേല്‍ കെടുകാര്യസ്ഥതയില്‍ മുങ്ങിക്കിടന്ന ഒരു വകുപ്പിനെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
യുഡിഎഫ് കാലത്ത് ആകെ ഒരു തവണ മാത്രമേ പുസ്തകം വൈകിയിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ പൊതുജനത്തിന് അത്രവേഗം മറവി സംഭവിക്കില്ല എന്ന് അദ്ദേഹം ഓര്‍ക്കുന്നത് നന്നായിരിക്കും. അന്ന് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് അച്ചടിക്കാതെ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയതും, പഠനം മുടങ്ങാതിരിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പുസ്തകങ്ങള്‍ യുഡിഎഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ വലിച്ചെറിഞ്ഞതും ഇവിടുത്തെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഓണപ്പരീക്ഷ വൈകിയപ്പോള്‍ അത് എന്ന് നടക്കും എന്ന് ചോദിച്ചപ്പോള്‍ 'ഓണം നേരത്തെ വന്നതാണെന്ന്' പരിഹസിച്ചു പറഞ്ഞ ഒരു വിദ്യാഭ്യാസ മന്ത്രി യുഡിഎഫിനുണ്ടായിരുന്നു. അത്തരം വിചിത്രമായ വാദങ്ങള്‍ കേട്ടു ശീലിച്ചവര്‍ക്ക് ഇന്ന് പുസ്തകം നേരത്തെ നല്‍കുന്നത് വലിയ അപരാധമായി തോന്നുന്നതില്‍ അത്ഭുതമില്ല.
യുഡിഎഫ് കാലത്ത് ഓരോ വര്‍ഷവും പുസ്തകമില്ലാതെ കുട്ടികള്‍ നെട്ടോട്ടമോടിയ വാര്‍ത്തകള്‍ ഇന്നും ഗൂഗിളില്‍ തിരഞ്ഞാല്‍ ആര്‍ക്കും കാണാന്‍ സാധിക്കും. അവിടെ നിന്നാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ നമ്മുടെ സ്‌കൂളുകളെ ഹൈടെക് ആക്കിയതും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയതും. ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമായാണ് പരീക്ഷയ്ക്ക് മുന്‍പേ പുസ്തകങ്ങള്‍ തയ്യാറാകുന്നത്. പുരോഗമനപരമായ ഈ നീക്കങ്ങളെ 'തുഗ്ലക്ക് പരിഷ്‌കാരം' എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് വഴി സ്വന്തം പാര്‍ട്ടിയുടെ ഭരണകാലത്തെ ഇരുളടഞ്ഞ അവസ്ഥയെയാണ് നിങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരം പിന്തിരിപ്പന്‍ പരിഹാസങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും.
Content Highlights: Minister Saji Cheriyan posted on Facebook responding to criticism from UDF leaders regarding textbook distribution for the next academic year