ലോൺ പലിശ മാറ്റാൻ ബാങ്കുകൾക്ക് ഇനി നിങ്ങളുടെ അനുമതി ആവശ്യമായി വന്നേക്കാം; റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശങ്ങൾ

റിസർവ് ബാങ്കിന്റെ ഈ പുതിയ നീക്കം ഏറ്റവുമധികം ആശ്വാസമാകുന്നത് ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ഹോം ലോൺ, പേഴ്സണൽ ലോൺ, എം.എസ്.എം.ഇ ലോണുകൾ എന്നിവ എടുത്ത സാധാരണക്കാർക്കാണ്

ലോൺ പലിശ മാറ്റാൻ ബാങ്കുകൾക്ക് ഇനി നിങ്ങളുടെ അനുമതി ആവശ്യമായി വന്നേക്കാം; റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശങ്ങൾ
dot image

രാജ്യത്തെ ബാങ്കിങ്, ധനകാര്യ മേഖലകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും വായ്പെയടുത്ത ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനുമായി നിർണ്ണായക നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).

'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ററെസ്റ്റ് റേറ്റ്സ് ഓൺ ലോൺസ് ആൻഡ് അഡ്വാൻസസ് ഡയറക്ഷൻസ്, 2026' എന്ന പേരിൽ പുറത്തിറക്കിയ പുതിയ കരട് നിർദ്ദേശങ്ങൾ പ്രകാരം, വായ്പയുടെ പലിശ നിരക്ക് നിർണ്ണയിക്കുന്ന അടിസ്ഥാന മാനദണ്ഡത്തിൽ മാറ്റം വരുത്തണമെങ്കിൽ ഇനിമുതൽ ബാങ്കുകൾക്ക് വായ്പെയടുത്തയാളുടെ പൂർണ്ണ അനുമതി ആവശ്യമായി വന്നേക്കാം. ഈ മാസം കരട് രേഖ പുറത്തുവിട്ട ആർ.ബി.ഐ, ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സെപ്റ്റംബർ 11 വരെ സമയം നൽകിയിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ ഈ പുതിയ നീക്കം ഏറ്റവുമധികം ആശ്വാസമാകുന്നത് ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ഹോം ലോൺ, പേഴ്സണൽ ലോൺ, എം.എസ്.എം.ഇ ലോണുകൾ എന്നിവ എടുത്ത സാധാരണക്കാർക്കാണ്. ബാങ്കുകൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പെട്ടെന്ന് ബെഞ്ച്മാർക്ക് മാറ്റുകയോ, അതിന്റെ മറവിൽ ഉപഭോക്താക്കളുടെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുകയും (ഇഎംഐ) കൂട്ടുകയോ ചെയ്യുന്ന പ്രവണതയ്ക്ക് ഈ നിയമത്തോടെ വിരാമമാകും. മാത്രമല്ല, പുതിയ നിരക്കുകളിലേക്ക് വായ്പ മാറ്റുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് പ്രോസസിംഗ് ഫീയോ മറ്റ് അധിക ചാർജുകളോ ഈടാക്കാൻ പാടില്ലെന്നും, മാറ്റത്തിന് തൊട്ടുമുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ പലിശ വരാൻ പാടില്ലെന്നും ആർ.ബി.ഐ കർശനമായി നിർദ്ദേശിക്കുന്നു.

വായ്പകളുടെ പലിശ നിരക്കിനൊപ്പം ബാങ്കുകൾ ഈടാക്കുന്ന സ്‌പ്രെഡ്/മാർജിൻ അടിക്കടി കൂട്ടുന്ന രീതിക്കും ആർ.ബി.ഐ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് റിസ്ക് പ്രീമിയം, പ്രവർത്തന ചെലവുകൾ എന്നിവ ഉൾപ്പെടുന്ന ഈ സ്‌പ്രെഡ് ഘടകങ്ങൾ, ഉപഭോക്താവിന്റെ സാമ്പത്തിക പ്രൊഫൈലിൽ വലിയ മാറ്റങ്ങൾ വരാതെ തോന്നിയ പോലെ മാറ്റാൻ ബാങ്കുകൾക്ക് സാധിക്കില്ല. കൂടാതെ, ഫ്ലോട്ടിംഗ് ലോണുകളിൽ ഏതാനും ഘടകങ്ങൾ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലിശ നിരക്കുകൾ പുനഃപരിശോധിക്കുന്ന 'റീസെറ്റ് പ്രാബല്യം' പരമാവധി മൂന്ന് മാസത്തിലൊരിക്കൽ എന്ന രീതിയിൽ മുൻകൂട്ടി കരാറിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.

പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾക്ക് പുറമെ എൻ.ബി.എഫ്.സി, സഹകരണ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവയ്ക്കും പുതിയ ഏകീകൃത ചട്ടക്കൂട് ബാധകമായിരിക്കും. 50,000 രൂപ വരെയുള്ള ചെറുകിട വായ്പകൾക്കും മൈക്രോഫൈനാൻസ് വായ്പകൾക്കും അമിത പലിശയും അനാവശ്യ ഫീസുകളും ഈടാക്കുന്നത് തടയാൻ ആനുവൽ പെർസെന്റേജ് റേറ്റ് (എപിആർ) പരിധി നിശ്ചയിക്കണമെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം അന്തിമ അനുമതി ലഭിച്ചാൽ 2027 ഏപ്രിൽ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള ലോണുകൾ പുതിയ ഫ്രെയിംവർക്കിലേക്ക് മാറ്റുന്നതിനായി 2029 ഏപ്രിൽ 1 വരെ ബാങ്കുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.

Content Highlights: RBI proposes new rules to require borrower consent before changing loan interest rate benchmarks. New framework aims to improve transparency in floating-rate loans. Banks may not charge extra fees for shifting loans to revised interest rates.

dot image
To advertise here,contact us
dot image