കഠിനമായ ചൂടിന് ശമനമാകുന്ന പ്രതീക്ഷയിൽ ​ഗൾഫ് രാജ്യങ്ങൾ; ഓഗസ്റ്റ് 24-ന് സുഹൈൽ നക്ഷത്രം ഉദിക്കും

അറബ് പാരമ്പര്യത്തിൽ സുഹൈലിന്റെ ഉദയം കാർഷിക, മത്സ്യബന്ധന മേഖലകളിൽ വലിയ മാറ്റങ്ങളുടെ തുടക്കമാണ്

കഠിനമായ ചൂടിന് ശമനമാകുന്ന പ്രതീക്ഷയിൽ ​ഗൾഫ് രാജ്യങ്ങൾ; ഓഗസ്റ്റ് 24-ന് സുഹൈൽ നക്ഷത്രം ഉദിക്കും
dot image

യുഎഇയിലും അറേബ്യൻ ഉപദ്വീപിലും കഠിനമായ ചൂടിന് ശമനം കുറിച്ചുകൊണ്ട് 'സുഹൈൽ' നക്ഷത്രം ഓഗസ്റ്റ് 24-ന് ആകാശത്ത് ദൃശ്യമാകും. കടുത്ത വേനൽക്കാലത്തിൽ നിന്ന് മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രകൃതിദത്ത സൂചകമായാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവിനെ അറബ് ലോകം കണക്കാക്കുന്നത്. ഓഗസ്റ്റ് 20-ന് ശേഷം താപനിലയിൽ ക്രമേണ കുറവുണ്ടാകാൻ തുടങ്ങുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.

കടുത്ത ചൂടും ഉയർന്ന ഈർപ്പവും അതിരാവിലെയുള്ള മഞ്ഞുവീഴ്ചയും സെപ്റ്റംബർ അവസാനം വരെ തുടരാൻ സാധ്യതയുണ്ട്. അറബ് പാരമ്പര്യത്തിൽ സുഹൈലിന്റെ ഉദയം കാർഷിക, മത്സ്യബന്ധന മേഖലകളിൽ വലിയ മാറ്റങ്ങളുടെ തുടക്കമാണ്. കർഷകർ പുതിയ കൃഷി സീസണിനായി ഒരുങ്ങുമ്പോൾ, സമുദ്രത്തിലെ താപനില കുറയുന്നതോടെ മത്സരങ്ങൾ തീരത്തോട്ട് അടുക്കാൻ തുടങ്ങുന്നു. പ്രാദേശികമായി 'അൽ സഫ്രിയ' എന്നറിയപ്പെടുന്ന, മഴയ്ക്ക് സാധ്യതയുള്ള മിതമായ കാലാവസ്ഥയുടെ തുടക്കവും ഇതോടെ കുറിക്കപ്പെടും.

രാത്രിയിലെ ആകാശത്ത് തിളക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള 'കനോപസ്' (Canopus) എന്ന നക്ഷത്രമാണ് സുഹൈൽ എന്നറിയപ്പെടുന്നത്. ഓഗസ്റ്റ് 24 മുതൽ പുലർച്ചെ സൂര്യോദയത്തിന് ഏകദേശം 40 മിനിറ്റ് മുമ്പ് തെക്കുകിഴക്കൻ ചക്രവാളത്തിൽ ഈ നക്ഷത്രത്തെ കാണാം. മെയ് തുടക്കത്തിൽ അപ്രത്യക്ഷമായ ഈ നക്ഷത്രം ഏകദേശം മൂന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

ഭൂമിയിൽ നിന്ന് ഏകദേശം 310 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രത്തിൽ നിന്ന് പുറപ്പെടുന്ന പ്രകാശമാണ് നൂറ്റാണ്ടുകളായി അറേബ്യൻ ഉപദ്വീപിലെ ആളുകൾ ഋതുമാറ്റങ്ങൾ തിരിച്ചറിയാൻ ജ്യോതിശാസ്ത്ര സൂചകമായി ഉപയോഗിക്കുന്നത്.

Content Highlights: Gulf countries are looking forward to a gradual change in weather as the Suhail star is expected to appear on August 24. Traditionally, its appearance is considered a sign of the approaching end of peak summer heat.

dot image
To advertise here,contact us
dot image