കുഞ്ഞ് ആലിന്‍ ഷെറിന് ആദരം; ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആശുപത്രി ജീവനക്കാര്‍

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍ ഷെറിന്‍

കുഞ്ഞ് ആലിന്‍ ഷെറിന് ആദരം; ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആശുപത്രി ജീവനക്കാര്‍
dot image

കൊച്ചി: അഞ്ച് പേര്‍ക്ക് പുതുജീവനേകുന്ന കുഞ്ഞ് ആലിന്‍ ഷെറിന് ആദരം. കൊച്ചി അമൃത ആശുപത്രി ജീവനക്കാരാണ് കുഞ്ഞിന് ആദരമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പതിനൊന്ന് മണിയോടുകൂടി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ഒരുക്കങ്ങള്‍ ആശുപത്രിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. നാളെ സെറിമോണിയല്‍ വാക്ക് നല്‍കിയ ശേഷമായിരിക്കും മൃതദേഹം കൈമാറുക. അതേസമയം, കുഞ്ഞിന്റെ അവയവങ്ങളുമായി തിരിച്ച ആംബുലന്‍സ് അടൂര്‍ പിന്നിട്ടു.

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍ ഷെറിന്‍. പത്ത് മാസം മാത്രമാണ് ആലിന്‍ ഷെറിന്റെ പ്രായം. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലിന്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. വൃക്ക അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിന്‍. ആലിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്‍കുക. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള കുഞ്ഞിനും കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയിലുള്ള കുട്ടിക്കും നല്‍കും. നേത്രപടലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ദാനം ചെയ്യുന്നത്. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് വൈകിട്ട് അവയവങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights- Hospital staff paid tribute to baby Aalin Sherin by giving a guard of honor, marking an emotional farewell

dot image
To advertise here,contact us
dot image