

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ ശക്തമായ തുറന്നുപറച്ചിലുമായി രംഗത്തത്തിയിരിക്കുകയാണ് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ലൈംഗികാരോപണവുമായി രംഗത്തെത്തിയാല്‍ പിന്നെ സ്ത്രീകളുടെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെ മാത്രമാണെന്നും ഈ പേരുകളൊക്കെ വിളിച്ച് തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കേണ്ടെന്നും ആശ ആച്ചി തുറന്നടിച്ചു. നിര്‍മാതാവും സംവിധായകനും ഗുരുവായൂര്‍ മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദാണ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പുറംലോകത്തോട് വിളിച്ചുപറയുകയാണ് ഡോ.ആശ ആച്ചി.
തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പുറത്തുവിട്ടാണ് ആശ ആച്ചി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്. അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ലെന്നും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാള്‍ ബോധപൂര്‍വം ചെയ്ത പ്രവര്‍ത്തിയാണെന്നും ആശ ചൂണ്ടിക്കാണിച്ചു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരില്‍ സ്ത്രീ നിശബ്ദയാകാന്‍ പാടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാലാണ് ഈ തുറന്നെഴുത്തെന്നും ആശ വിശദീകരിച്ചു.
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കെന്ന പേരില്‍ തലസ്ഥാനത്തെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവര്‍ത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരി പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
അതേസമയം കേസില്‍ ഡിസംബര്‍ 24ന് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാണ് കുഞ്ഞുമുഹമ്മദ് തനിക്കെതിരായ അനുകൂല വിധി കോടതിയില്‍നിന്നും നേടിയത്. കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് വൈകിയതില്‍ കടുത്ത വിമര്‍ശനവും ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു.
Content Highlight; Complainant Dr. Asha Achi Joseph has come forward to speak out about the allegations against PT Kunjumuhammed.