

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിക്ക് സമുദായത്തില്‍ സ്വാധീനമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മുസ്ലിം സമുദായം ഒരിക്കലും മതരാഷ്ട്ര വാദം അനുകൂലിക്കില്ല. സമുദായത്തില്‍ ചിലര്‍ക്ക് അങ്ങനെ മത രാഷ്ട്രവാദമുണ്ടെകില്‍ അതിനെ നിരുത്സാഹപ്പെടുത്താനാണ് ഭൂരിപക്ഷ മുസ്ലിംങ്ങളും ശ്രമിക്കേണ്ടത്. ജമാഅത്തെ ഇസ്‌ലാമിക്ക് അങ്ങനെ ഒരു അംഗീകാരവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ പോലെയുള്ള രാജ്യത്ത് മതരാഷ്ട്ര വാദം കൊണ്ടുവരുന്നത് ഒരിക്കലും ശരിയല്ല. മതരാഷ്ട്ര വാദം പറഞ്ഞ് ഇന്ത്യ ഒരു മതത്തിന്റെ കീഴിലാകണം എന്നത് ഒരിക്കലും പ്രായോഗികമല്ല. മതരാഷ്ട്ര വാദം ഇല്ലെന്ന് ജമാഅത്ത് ഇസ്‌ലാമി പറയണം. മതരാഷ്ട്ര വാദം ഇല്ല എന്ന് പറയുന്നതിനോടൊപ്പം അത് പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കണം. മൗദൂദിയെ ജമാഅത്ത് ഇസ്‌ലാമി തള്ളിപ്പറയുകയും വേണം എന്നാണ് സമസ്തയുടെ ആവശ്യം. ഇന്ത്യയിലെ മറ്റുള്ള ജനങ്ങളോട് സ്‌നേഹവും ബഹുമാനവും കാത്തു സൂക്ഷിച്ചാണ് നമ്മള്‍ ജീവിക്കേണ്ടത്. അതിനു പോറല്‍ ഏല്‍പ്പിക്കരുത്. മത രാഷ്ട്ര വാദം ഒരിക്കലും ഇന്ത്യയില്‍ പ്രായോഗികമല്ല. പ്രത്യേക സാഹചര്യം നോക്കിയിട്ടല്ല സമസ്ത സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് മതരാഷ്ട്രവാദം ഉണ്ടോ നോക്കിയിട്ടല്ല പ്രമേയം അവതരിപ്പിച്ചത. രാഷ്ട്രീയം നോക്കിയിട്ടുമല്ല പ്രമേയം അവതരിപ്പിച്ചത. മൗദൂദിസത്തിനെതിരെ മാത്രമല്ല വഹാബിസം, തബ്‌ലീഗിസം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ആര്‍ക്കു വേണേലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാം. അതിലൊന്നും സമസ്ത ഇടപെടില്ല. ജമാത്ത് ഇസ്‌ലാമിയുടെ ആശയത്തെയാണ് എതിര്‍ക്കുന്നത. സമസ്തയുടെ ആശയത്തിന് പൂര്‍ണമായും എതിരായ ആശയങ്ങളാണ് ജമാഅത്ത് ഇസ്‌ലാമിയുടേത്. അതിനെ അംഗീകരിക്കാന്‍ കഴിയില്ല. അവരുടെ രാഷ്ട്രീയ കൂട്ടുകെട്ടിനെ പറ്റിയൊന്നും സമസ്ത ചര്‍ച്ച ചെയ്യില്ല. സമസ്തയുടെ മേഖലയുമല്ല അതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സുന്നി ഐക്യത്തെ സ്വാഗതം ചെയ്തും ജിഫ്രി തങ്ങള്‍ സംസാരിച്ചു. സംഘടനാപരമായ ഭിന്നിപ്പുകള്‍ മൂലമൊക്കെ പുറത്തുപോയവര്‍ക്ക് അതൊക്കെ പറഞ്ഞു പരിഹരിച്ചു തിരിച്ചു വരാം. സുന്നി ഐക്യത്തെക്കുറിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുകൂലമായി പറയുന്നതില്‍ വളരെ സന്തോഷമുണ്ട്. കാന്തപുരം ഉസ്താദിന്റെ മകനും നല്ല രീതിയിലാണ് പ്രതികരിച്ചത്. സുന്നി ഐക്യം ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ട സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയാല്‍ മാന്യമായി തിരിച്ചു വരാം. പോയവര്‍ക്ക് എല്ലാം തിരിച്ചു വരാം. അവരെ തള്ളിപ്പറയാനൊന്നും പറ്റില്ല. നമ്മുക്ക് വേണ്ടപ്പെട്ടവരും അതെ ആശയം ഉള്ള ആളുകള്‍ തന്നെയായിരുന്നു അവര്‍. ഇതിനു മുന്‍പും ഐക്യ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ചില ഉപാധികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെടാത്തത്ത് കൊണ്ടാകാം നടക്കാതെ പോയത്. സിഐസി വിഷയത്തില്‍ സമസ്ത എതിര്‍ത്ത കാര്യങ്ങള്‍ തിരുത്തി അവര്‍ക്കും തിരിച്ചു വരാം. ആരെയും സ്വീകരിക്കാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്ത ഒരു സ്വതന്ത്രമായ മത സംഘടനയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ബി ടീം അല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അല്ല സമസ്ത രൂപീകരിച്ചത. മുസ്ലിം ലീഗുമായി പഴയ കാലം മുതലുള്ള ബന്ധം അങ്ങനെ തന്നെ തുടരും.
സമസ്തയില്‍ സമസ്ത അനുകൂലികള്‍ മാത്രമേയുള്ളൂ. സമസ്തയില്‍ ലീഗ് വിരുദ്ധരോ ലീഗ് അനുകൂലികളോ ഇല്ല. മുഖ്യമന്ത്രിമാര്‍ ആരായാലും ആവശ്യങ്ങള്‍ സമസ്ത നേരിട്ട് കാര്യം പറയും. പലതരത്തിലുള്ള അവകാശങ്ങളും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങളുടെയും ആവശ്യങ്ങള്‍ പരമാവധി പരിഗണിക്കുന്നതാണല്ലോ സര്‍ക്കാര്‍. മുഖ്യമന്ത്രി ഉള്‍പ്പെടയുള്ള കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളോടും നല്ല ബന്ധമാണുള്ളതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്ത സമ്മേളന വേദിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗിക്കാതെ പോയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മറ്റൊരു പരിപാടി ഉണ്ടായത് കൊണ്ടാണ് വി ഡി സതീശൻ പോയതെന്ന് അദ്ദേഹം പറഞ്ഞു. അത് തന്നോട് കൃത്യമായി പറഞ്ഞിരുന്നു. മറ്റൊരു പരിപാടി ഉണ്ടായിട്ടും വി ഡി സതീശന്റെ സാന്നിധ്യം അവിടെ ഉണ്ടായി. യുഡിഎഫ് യാത്രയ്ക്കിടയിലാണ് അദ്ദേഹം സമസ്ത സമ്മേളനത്തില്‍ പങ്കെടുത്തത്. തന്നോടും സമസ്തയോടുമുള്ള പ്രത്യേക ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വന്നത്. പ്രസംഗിക്കലല്ല, അവിടെ വരലാണ് ആവശ്യം എന്ന് പറഞ്ഞു. വളരെ മാന്യമായ നിലയ്ക്കുള്ള സമീപനമാണ് വി ഡി സതീശന്റേത്. ശക്തനായ പ്രതിപക്ഷ നേതാവാണ് വി ഡി സതീശന്‍. ക്ഷണം സ്വീകരിക്കുക എന്നത് വലിയ കാര്യമാണെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേർത്തു.
Content Highlights: Jifri Muthukoya Thangal Says Jamaat-e-Islami Has No Influence in Muslim Community