

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായം കോൺഗ്രസ് ഹൈക്കമാന്റ് അംഗീകരിക്കുന്നുണ്ടോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടിൽ വ്യക്തതയുണ്ടെന്നും വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമർശത്തിലാണ് എം വി ഗോവിന്ദന്‍റെ വിമർശനം.
ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള സമസ്ത പ്രമേയത്തിൽ ലീഗ് അഭിപ്രായം പറയണമെന്നും മുതിർന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടി അഴകുഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമസ്ത സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയമാണ്, മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നു, പാൻ ഇസ്‌ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രതവേണം, ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണം എന്നിങ്ങനെ കടുത്ത വിമർശനങ്ങളായിരുന്നു സമസ്തയുടെ പ്രമേയത്തിലുണ്ടായിരുന്നത്. ഇതിലാണ് ഗോവിന്ദന്റെ പ്രതികരണം.
അതേസമയം ആന്റോ ആന്റണി എംപിക്കെതിരെ ഫിനാൻസ് ഉടമ എൻ എം രാജു ഉന്നയിച്ച പ്രശ്‌നം ഗൗരവമുള്ളതാണെന്ന് ഗോവിന്ദൻ പറഞ്ഞു. രണ്ട് കോടി രൂപ ആന്റോ ആന്റണി വാങ്ങി എന്നാണ് ഫിനാൻസ് സ്ഥാപന ഉടമ പറയുന്നത്. ആ തുക എങ്ങനെ വാങ്ങി? വാങ്ങിയതിനും തിരിച്ചു കൊടുത്തതിനും രേഖയുണ്ടോയെന്നും പിന്നിൽ കളളപ്പണമിടപാട് ഉണ്ടോയെന്നും ഗോവിന്ദൻ ചോദിച്ചു.
കേരളത്തിന് നല്ലത് മാറിമാറിയുള്ള ഭരണമാണെന്നും രണ്ട് മുന്നണികളും മാറിമാറി ഭരിക്കണമെന്നും ഇല്ലെങ്കിൽ ബംഗാളിൽ സംഭവിച്ചതുപോലെ ആകുമെന്നുമുള്ള കവി കെ സച്ചിദാനന്ദന്റെ അഭിപ്രായത്തോടും ഗോവിന്ദൻ പ്രതികരിച്ചു. കവിയുടേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതേ ആശയമുള്ള ചിലരെല്ലാം ഉണ്ടാകും. അതിനർത്ഥം ഈ സർക്കാർ വേണ്ടതില്ലെന്നോ തുടരേണ്ട എന്നതോ അല്ല. തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ആവശ്യമായ തിരുത്തലുകൾ വരും. സച്ചിദാനന്ദന്റെ വിമർശനം ഉൾക്കൊള്ളുമെന്നും ഗോവിന്ദൻ പറഞ്ഞു.
തുടർ ഭരണം വന്നാൽ പാവപ്പെട്ടവർ ഉണ്ടാകില്ലെന്നും 'പാവപ്പെട്ട' എന്ന് പ്രയോഗിക്കേണ്ടി വരില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. വികസനം കടലാസിൽ എന്ന് ചിലർ പറയുന്നുണ്ട്. എല്ലാ പദ്ധതികളും കടലാസിലാണ് തുടങ്ങുക.ഇനി കടലാസ് ഒഴിവാക്കി ഡിജിറ്റലാക്കേണ്ടി വരുമെന്നും ഗോവിന്ദൻ പറഞ്ഞു.
Content Highlights: CPIM State Secretary MV Govindan asks whether the Congress high command accepts Opposition Leader VD Satheesan's comments on Jamaat e Islami.