'കള്ളനെ കയ്യോടെ പിടികൂടുമ്പോഴുള്ള വിഭ്രാന്തിയാണ് K C വേണുഗോപാലിന്‍റേത്'; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

എഐസിസി ജനറൽ സെക്രട്ടറി അറിയാതെ സോണിയ ഗാന്ധിയുമായി പോറ്റി കൂടിക്കാഴ്ച നടത്തുമോയെന്ന് ശിവൻകുട്ടി

'കള്ളനെ കയ്യോടെ പിടികൂടുമ്പോഴുള്ള വിഭ്രാന്തിയാണ് K C വേണുഗോപാലിന്‍റേത്'; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നവയെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോപണം നേരിടുന്ന സ്ഥാപനത്തിൽ നിന്നാണ് ആന്റോ ആന്റണി എംപി രണ്ട് കോടി രൂപ വാങ്ങിയിരിക്കുന്നത്. ഈ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് അടക്കം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണം. സിപിഐഎമ്മിനെതിരെ ചെറിയ ആരോപണം പോലും പൊലിപ്പിച്ചു കാണിക്കുന്ന മാധ്യമങ്ങൾ ഇപ്പോൾ മിണ്ടുന്നില്ലെന്നും ശിവൻകുട്ടി ആരോപിച്ചു.

സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത് വന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം ഉണ്ടോ എന്ന് വേണുഗോപാൽ ആശങ്കപ്പെടേണ്ടതില്ല. എഐസിസി ജനറൽ സെക്രട്ടറി അറിയാതെ സോണിയ ഗാന്ധിയുമായി സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തുമോ?. കള്ളനെ കയ്യോടെ പിടിക്കുമ്പോൾ ഉള്ള വിഭ്രാന്തിയാണ് വേണുഗോപാലിൻ്റേതെന്നും ശിവൻകുട്ടി പറഞ്ഞു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പകാശിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

അതേസമയം പോറ്റിയുടെ വീട്ടിലെത്തിയ കടകംപള്ളി സുരേന്ദ്രന്റെ ചിത്രങ്ങൾ പുറത്തുവന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നല്ലോയെന്നും ചോദ്യം ചെയ്യലിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ച ശിവൻകുട്ടി, അയ്യപ്പന്റെ കാര്യം പറഞ്ഞ് കോൺഗ്രസ് നേതാക്കൾ കോടികൾ വാങ്ങുന്നുവെന്ന് ആരോപിച്ചു.

ആത്മാർത്ഥവും കടുത്ത നിലപാടും സ്വീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
തെരഞ്ഞെടുപ്പിൽ 110 സീറ്റ് എൽഡിഎഫ് നേടും. ആ സീറ്റിൽ നേമവും ഉണ്ടാകും. നേമത്ത് എൽഡിഎഫ് വിജയിക്കും. എൽഡിഎഫിന്‍റെ ജാഥകളിൽ മികച്ച ജനപങ്കാളിത്തമാണുള്ളത്. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടന്നില്ലെന്ന് പറയാൻ കഴിയില്ല. കേന്ദ്ര സഹായം ഇല്ലെങ്കിലും നടക്കില്ലെന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും നടന്നു. തങ്ങൾക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള എന്ത് കാരണമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ശബരിമല അയ്യപ്പനും പാട്ടുമായും വന്നത് ആണല്ലോ, ഇപ്പോൾ എല്ലാം പൊളിഞ്ഞു. ഇനി പുതിയ പാരഡി ഗാനം എഴുതണമെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് ശിവൻകുട്ടി പറഞ്ഞു.

കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂളിൽ കയറ്റാതിരുന്ന സംഭവത്തിൽ
റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഗൗരവമായി വിഷയത്തെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
47 ലക്ഷം വിദ്യാർത്ഥികൾക്ക് അടുത്ത ആഴ്ച ഹെൽത്ത് കാർഡ് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: minister v sivankutty criticize aicc general secretary k c venugopal and congress on sabarimala gold theft case

dot image
To advertise here,contact us
dot image