'നായാടി മുതൽ നസ്രാണിവരെ' നിലപാടിനോട് യോജിക്കാനാകില്ല;വെള്ളാപ്പള്ളിയുടെ സാമുദായിക ഐക്യനീക്കത്തിനെതിരെ ലത്തീൻ സഭ

ആരെയെങ്കിലുമൊക്കെ മാറ്റിനിർത്തി കുറേ പേർ കൂടി ഈ രാജ്യം ഭരിക്കാമെന്ന് വിചാരിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ലെന്ന് സേവിയർ കുടിയാംശേരി

'നായാടി മുതൽ നസ്രാണിവരെ' നിലപാടിനോട് യോജിക്കാനാകില്ല;വെള്ളാപ്പള്ളിയുടെ സാമുദായിക ഐക്യനീക്കത്തിനെതിരെ ലത്തീൻ സഭ
dot image

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാമുദായിക ഐക്യ നീക്കത്തോട് യോജിക്കാനാകില്ലെന്ന് ലത്തീൻ സഭ. നായാടി മുതൽ നസ്രാണി വരെ എന്ന നിലപാടിനോട് യോജിക്കില്ലെന്ന് ലത്തീൻ സഭ ആലപ്പുഴ രൂപത വക്താവ് സേവിയർ കുടിയാംശേരി പറഞ്ഞു. ഒരു സമുദായത്തെ മാറ്റിനിർത്തുന്നത് ശരിയായ തീരുമാനമല്ല. എസ്എൻഡിപി യോഗത്തിന്റെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും സേവിയർ കുടിയാംശേരി പറഞ്ഞു.

'നായാടി മുതൽ നസ്രാണി വരെ എന്ന കാര്യം എസ്എൻഡിപി മുന്നോട്ടുവെച്ചു. ഞങ്ങളോട് ആരോടും ആലോചിച്ചല്ല അങ്ങനെ പറഞ്ഞത്. ഞങ്ങൾക്ക് അതിനോട് യാതൊരു തരത്തിലുള്ള യോജിപ്പുമില്ല. നായാടി മുതൽ നസ്രാണി വരെ എന്ന് പറയുമ്പോൾ ഈ രാജ്യത്തെ ഒരു പ്രത്യേക സമൂഹത്തെ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. ആരെയെങ്കിലുമൊക്കെ മാറ്റിനിർത്തി കുറേ പേർ കൂടി ഈ രാജ്യം ഭരിക്കാമെന്ന് വിചാരിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. അതിന് പിന്നിൽ പല രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടാകും' സേവിയർ കുടിയാംശേരി റിപ്പോർട്ടറിനോട് പറഞ്ഞു

എസ്എൻഡിപിയുടെ ഐക്യ നീക്കത്തിൽ എൻഎസ്എസിന് വെളിപാട് ഉണ്ടാകാൻ വൈകിയെന്നും വിഷയത്തിൽ എൻഎസ്എസിന്റെ ആദ്യ തീരുമാനം എടുത്തുചാട്ടം ആയിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി- എൻഎസ്എസ് ഐക്യ മുണ്ടാകുമെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പത്രസമ്മേളനത്തിൽ നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞിരുന്നു. നേരത്തെ നായാടി മുതൽ നമ്പൂതിരി വരെ എന്നതായിരുന്നു മുദ്രാവാക്യമെങ്കിൽ ഇന്നത്തെ കാലഘട്ടത്തിന് അനുസരിച്ച് ക്രൈസ്തവ വിഭാഗത്തെകൂടി ഉൾപ്പെടുത്തിക്കൊണ്ട് നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കണമെന്ന നിലയിലേക്ക് മാറി എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന പുറത്തുവന്ന് ആദ്യഘട്ടങ്ങളിൽ എസ്എൻഡിപിയുമായുള്ള ഐക്യസാധ്യത തള്ളാതിരുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിന്നീട് ഐക്യമുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Latin Sabha says it cannot agree with SNDP Yogam General Secretary Vellapally Natesan's communal unity move

dot image
To advertise here,contact us
dot image