'ആര് തന്നെ ആയാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കും,കുറ്റക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യം LDFനില്ല'; ബിനോയ് വിശ്വം

എസ്ഐടി അന്വേഷണത്തിൽ എൽഡിഎഫിന് ആശങ്കയില്ലെന്ന് ബിനോയ് വിശ്വം

'ആര് തന്നെ ആയാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കും,കുറ്റക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യം LDFനില്ല'; ബിനോയ് വിശ്വം
dot image

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരായവർ ആര് തന്നെ ആയാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും എൽഡിഎഫിന് കുറ്റക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി പുറത്തുവന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

കുറ്റക്കാരെന്ന് തെളിഞ്ഞ് കഴിഞ്ഞാൽ അവർ ആര് തന്നെ ആയാലും ഉപ്പുതിന്നവർ വെള്ളം കുടിക്കും. ഇതിനകത്ത് കുറ്റക്കാരെ രക്ഷിക്കേണ്ട ലക്ഷ്യം എൽഡിഫിനില്ല. വിശ്വാസികളെയും വിശ്വാസങ്ങളെയും പവിത്രതയെയും എൽഡിഎഫ് ഉയർത്തിപ്പിടിക്കും. കേസിൽ അവസാനം എത്തിനിൽക്കുന്ന പേര് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റേതാണ്. എസ്‌ഐടി അന്വേഷണം നേർവഴിക്കാണ് പോകുന്നതെന്നും അതിൽ ആർക്കും ഉത്കണ്ഠ വേണ്ടെന്നും സത്യങ്ങളെല്ലാം പുറത്തുവരുമെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വ്യക്തമായി പറഞ്ഞിരിക്കെ, അതേപ്പറ്റി എൽഡിഎഫിന് ഒരു ആശങ്കയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം ഇടതുപക്ഷത്തിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് നല്ല ജന പിന്തുണയാണ് ലഭിക്കുന്നതെന്നും ജനങ്ങൾ പൊതുവെ ഭരണ തുടർച്ചയെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിനെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനം ഉന്നയിച്ചു. നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ അമേരിക്ക- ഇന്ത്യ വ്യാപാര ഉടമ്പടിയാണ്. ഇന്ത്യയുടെ കഴുത്തിൽ പിടിമുറുക്കുകയാണ് ഉടമ്പടി. എന്നാൽ ഈ വിഷയത്തിൽ യുഡിഎഫിന് മൗനമാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭയക്കുന്നതു പോലെ, ബിജെപിയെ വിമർശിക്കാൻ കോൺഗ്രസിന് ഭയമാണെന്നും ബിനോയ് വിശ്വം വിമർശിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചർച്ച എവിടെയും എത്തിയിട്ടില്ലെന്നും അതെല്ലാം സ്മൂത്തായി നടക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Content Highlights: CPI leader Binoy viswam reacts on sabarimala gold theft case

dot image
To advertise here,contact us
dot image