

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ താൻ മദ്യപിച്ചിരുന്നില്ലെന്ന് നടൻ മണിയൻപിള്ള രാജു. ഭയം കൊണ്ടാണ് അപകടം സംഭവിച്ചതിന് പിന്നാലെ വാഹനമെടുത്ത് പോയതെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. അഭിഭാഷകൻ മുഖേനയാണ് മണിയൻപിള്ള രാജു പൊലീസുമായി ബന്ധപ്പെട്ടത്.
വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് നടൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്റ്റേഷനിൽ ഹാജരായാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്താനും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുമാണ് പൊലീസിന്റെ നീക്കം. സ്റ്റേഷനിൽ ഹാജരാകാമെന്ന് മണിയൻപിള്ള രാജു അറിയിച്ചിട്ടുണ്ട്.
ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച വാഹനത്തിന്റെ ആർ സി ഓണർ മണിയൻപിള്ള രാജുവാണ്. സുധീർകുമാർ എന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേരിലാണ് ആർ സി.
അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്ഐആറും രജിസ്റ്റർ ചെയ്തു. 'വാഹനത്തിന്റെ ഡ്രൈവർ' എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് അജ്ഞാത വ്യക്തിയെന്ന നിലയ്ക്ക് കേസെടുത്തിരിക്കുന്നത്.
Content Highlights: Trivandrum club car accident; Actor Maniyanpilla Raju says he was not drunk