സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും പാർട്ടി ബ്രാഞ്ച് അംഗവുമായ വിനോദ് കോൺഗ്രസിൽ ചേർന്നു

വിഷ്ണുവിന് വേണ്ടി പിരിച്ചഫണ്ട് നേതാക്കൾ തട്ടിയെടുത്തെന്ന് മുമ്പ് വിനോദ് ആരോപിച്ചിരുന്നു

സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും പാർട്ടി ബ്രാഞ്ച് അംഗവുമായ വിനോദ് കോൺഗ്രസിൽ ചേർന്നു
dot image

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഐഎം പ്രവർത്തകനുമായ വിനോദ് കോൺഗ്രസിൽ ചേർന്നു. സിപിഐഎം ബ്രാഞ്ച് അംഗമായിരുന്നു വിനോദ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്.

അംഗത്വം നൽകിയ ചടങ്ങിൽ സിപിഐഎമ്മിനെതിരെ വി ഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ധനരാജ്, അഭിമന്യു, വിഷ്ണു എന്നീ രക്തസാക്ഷികൾക്കായി സ്വരൂപിച്ച ഫണ്ട് സിപിഐഎം അടിച്ചുമാറ്റിയെന്ന് വി ഡി സതീശൻ ആരോപിച്ചു. പണം അഭിഭാഷകന് നൽകിയെന്നാണ് പാർട്ടിയുടെ വിശദീകരണം. എന്നാൽ സർക്കാരാണ് അഭിഭാഷകനെ തീരുമാനിക്കുന്നത്. സംഭവത്തിൽ വിഷ്ണുവിന്റെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് പാർട്ടി നടപടി സ്വീകരിച്ചയാളെ നിലവിൽ ട്രിപ്പിൾ പ്രൊമോഷൻ നൽകി സിഐടിയുവിന്റെ ജില്ലാ പ്രസിഡന്റ് ആക്കിയിരിക്കുകയാണ്. ഈ നിലപാട് വിഷ്ണുവിന്‍റെ കുടുംബത്തിന് വേദനയുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നിവയുടെ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയ വ്യക്തിയാണ് വിഷ്ണുവിന്റെ സഹോദരനെന്നും വി ഡി സതീശൻ പറഞ്ഞു.

വിഷ്ണുവിന് വേണ്ടി പിരിച്ച ഫണ്ട് നേതാക്കൾ തട്ടിയെടുത്തെന്ന് മുമ്പ് വിനോദ് ആരോപിച്ചിരുന്നു. തട്ടിപ്പ് നടത്തിയ നേതാവിനെ തരംതാഴ്ത്തിയെങ്കിലും ഇയാൾക്ക് വീണ്ടും പദവി നൽകിയെന്നും ഇതിന് പിന്നിൽ മന്ത്രി വി ശിവൻകുട്ടിയാണെന്നുമാണ് വിനോദിന്റെ ആരോപണം. മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം വക മാറ്റിയെന്ന് കണ്ടെത്തിയിരുന്നു. പരാതിയെ തുടർന്ന് ഇയാളെ തരംതാഴ്ത്തിയെങ്കിലും പിന്നീട് സിഐടിയു ജില്ലാ സെക്രട്ടറി പദവി നൽകിയിരുന്നു.

2008ലാണ് വിഷ്ണു കൊല്ലപ്പെട്ടത്. തുടർന്ന് പാർട്ടി പിരിച്ച ഫണ്ടിൽ അഞ്ച് ലക്ഷം രൂപ അദ്ദേഹത്തിന്റെ അമ്മയുടെ പേരിൽ നൽകി. പാർട്ടി അക്കൗണ്ടിൽ സൂക്ഷിച്ച ബാക്കി തുക രവീന്ദ്രൻ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചത് 15 വർഷത്തിന് ശേഷമാണ് തങ്ങൾ അറിഞ്ഞതെന്നാണ് വിനോദ് പറയുന്നത്. തരംതാഴ്ത്തപ്പെട്ട രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും വിനോദ് പറയുന്നു.

Content Highlights: Vinod, brother of martyr Vanchiyoor Vishnu, officially joined the Congress

dot image
To advertise here,contact us
dot image