ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള കേസ്:തട്ടിപ്പിന്റെ കേന്ദ്രം സുനില്‍ പോറ്റി; നടത്തിയത് 36.24 ലക്ഷത്തിൻ്റെ ക്രമക്കേട്

സുനിൽ കുമാർ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയിൽ നിയമിതനായത്

ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ള കേസ്:തട്ടിപ്പിന്റെ കേന്ദ്രം സുനില്‍ പോറ്റി; നടത്തിയത് 36.24 ലക്ഷത്തിൻ്റെ ക്രമക്കേട്
dot image

പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ്‌ക്കൊള്ളയിൽ തട്ടിപ്പിൻ്റെ കേന്ദ്രം അറസ്റ്റിലായ സുനിൽ കുമാർ പോറ്റിയെന്ന് കണ്ടെത്തൽ. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാൾ നടത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കിൽ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് കണ്ടെത്തി. കൂടുതൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്.

സുനിൽ കുമാർ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയിൽ നിയമിതനായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിൽ കീഴ്ശാന്തിയായിരുന്നു. മണ്ഡലകാലത്തിന് മുമ്പ് ആടി ശിഷ്ടം നെയ്യ് ഉൾപ്പെടെയുള്ള ആചാരപരമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പല ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവർത്തിച്ചവരെ ശബരിമലയിലേക്ക് നിയമിക്കുന്നത് പതിവുള്ള കാര്യമാണ്. തുടർന്നാണ് ആലപ്പുഴ അരൂർ സ്വദേശിയായ സുനിൽ കുമാർ പോറ്റി സന്നിധാനത്ത് എത്തിയത്. നാല് ദേവസ്വം കൗണ്ടറുകൾ വഴിയാണ് ആടി ശിഷ്ടം നെയ്യ് തീർത്ഥാടകർക്ക് വിതരണം ചെയ്തിരുന്നത്. ഇതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു സുനിൽ കുമാർ. ഇയാൾ മറ്റ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കൂട്ടുപിടിച്ചാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് തട്ടിപ്പിനായി ആസൂത്രണം നടത്തി.

നെയ്യ് പാക്കറ്റിലാക്കുന്ന പ്ലാന്റിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ചട്ടം കെട്ടി കൊള്ള നടത്തുകയായിരുന്നു ഇയാൾ. ഇതിന്റെ ഭാഗമായി 80,000ത്തോളം പാക്കറ്റ് നെയ്യുടെ വിവരം കണക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. സ്റ്റോക്ക് രജിസ്റ്റർ, ലെഡ്ജർ, മഹ്‌സർ എന്നിവയൊന്നും ഇല്ലായിരുന്നു. നാല് നോട്ടുബുക്കുകളിൽ ചില കണക്കുകൾ അലക്ഷ്യമായി രേഖപ്പെടുത്തിയിരുന്നത് മാത്രമാണ് ഉള്ളതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സുനിൽ കുമാർ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി ഈ നെയ്യ് തീർത്ഥാടകർക്ക് വിതരണം ചെയ്യുകയും ചെയ്തു. ഏകദേശം മൂന്നുകോടിയോളം രൂപ ആടി ശിഷ്ടം നെയ്യ് വിൽപനയിൽ ദേവസ്വം ബോർഡിന് ലഭിക്കാനുണ്ടായിരുന്നു. അതിൽ നിന്നാണ് സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം വലിയൊരു തുക തട്ടിയെടുത്തത്.

ശാന്തിമാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ അടക്കമുള്ള 33 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. താത്കാലിക ജീവനക്കാരിൽ ഉൾപ്പെട്ട മറ്റ് ചിലരും പ്രതിപ്പട്ടികയിൽ ഇടം പിടിക്കുമെന്നാണ് വിജിലൻസ് പറയുന്നത്. വ്യാജ രേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, അഴിമതി നിരോധ നിയമപ്രകാരമുള്ള അടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Content Highlights: Sabarimala Ghee scam mastermind Sunil Kumar potty arrested for misappropriating 36.24lakhs

dot image
To advertise here,contact us
dot image