

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇ ഡി പരിശോധന. ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് നെടുംപറമ്പ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തില്‍ ഇ ഡി പരിശോധന നടത്തുന്നത്. സ്ഥാപനത്തിന്റെ ഉടമ എന്‍ എം രാജുവിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.
രണ്ടര കോടി രൂപയോളം തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് സ്ഥാപനം പൂട്ടിപ്പോയെങ്കിലും പരാതി നല്‍കാനോ പൊലീസിനെ സമീപിക്കാനോ തന്ത്രി തയ്യാറായിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. അതോടൊപ്പം പത്തനംതിട്ട എംപി ആന്റോ ആന്റണി രണ്ടര കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായും കെ പി ഉദയഭാനു ആരോപിച്ചിരുന്നു. ഇതും സംശയത്തിന് വഴിവെച്ചിരുന്നു.
കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ എം രാജു നടത്തിയിരുന്ന സ്ഥാപനമാണ് നെടുംപറമ്പില്‍ ഫിനാൻസ്. മുന്‍പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ എം രാജു അറസ്റ്റിലായിരുന്നു. നേരത്തെ തന്നെ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയരുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എന്‍ എം രാജുവിന്റെ അറസ്റ്റ്. സ്ഥാപനം പൂട്ടിപ്പോയി എന്ന് പറയുമ്പോളും നിലവില്‍ ചില ജീവനക്കാര്‍ ജോലി ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി നടക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് റെയ്ഡ് നടത്താനുള്ള ഇ ഡിയുടെ തീരുമാനമെന്നാണ് സൂചന.
അന്വേഷണ ഘട്ടത്തില്‍ തന്നെ നെടുംപറമ്പില്‍ ഫിനാൻസിൽ രണ്ടര കോടി രൂപ നിക്ഷേപിച്ചതായി തന്ത്രി എസ്‌ഐടിയോട് പറഞ്ഞിരുന്നു. ഈ സ്ഥാപനം പൂട്ടിയപ്പോള്‍ ഈ പണം നഷ്ടമായെന്നും എന്നാല്‍ പരാതി നല്‍കിയിരുന്നില്ലെന്നും കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് ഇ ഡിയുടെ തീരുമാനം.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി പതിനാല് ദിവസത്തേയ്ക്കാണ് തന്ത്രിയെ റിമാൻഡ് ചെയ്തത്. ആൻജിയോഗ്രാം ചെയ്തതിന് ശേഷം ജയിലിൽ വിശ്രമത്തിൽ കഴിയുന്ന തന്ത്രിയെ ഓൺലൈനായാണ് കോടതിയിൽ ഹാജരാക്കിയത്.
Content Highlight; ED inspects private financial institution in Thiruvalla where allegations were raised that the Thantri invested money in the Sabarimala temple scam.