

കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപിച്ച സംഭവം പ്രാദേശികമായ വിഷയം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് ഓരോ ദിവസവും മറുപടി നൽകാൻ കഴിയില്ലെന്നും അതൊരു പ്രാദേശിക വിഷയമാണെന്നും അത് അവിടെ പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിങ്ങൾ കുഞ്ഞികൃഷ്ണ, കുഞ്ഞികൃഷ്ണ എന്ന് ജപിച്ചോളൂ. തങ്ങൾക്ക് ഒരു ഉത്കണ്ഠയും ഇല്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിശ്വാസിക്ക് സഖാവാകാൻ കഴിയില്ലെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയോട് എം വി ഗോവിന്ദൻ പ്രതികരിച്ചു. സഖാവ് എന്നത് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നത് സഹപ്രവർത്തകൻ എന്ന് മാത്രമാണ്. ഉമർ ഫൈസി എന്താണ് അർത്ഥമാക്കിയതെന്ന് അറിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍റെ പ്രതികരണം. താൻ ലീഗ് വിരോധിയാണ് സഖാവാണ് എന്നൊക്കെ പറയുന്നത് തെറ്റായ പ്രചാരണമാണെന്നും ഒരു മുഅ്മിന്(വിശ്വാസിക്ക്) സഖാവാകാൻ കഴിയില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു.
ഉമർ ഫൈസിയെ വഖഫ് ബോർഡിലേക്ക് എടുത്തത് സംബന്ധിച്ച ചോദ്യത്തിന് അതൊക്കെ നമ്മൾ എടുക്കുമെന്നും വിശ്വാസികൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളുടെതെന്നും ഗോവിന്ദൻ പറഞ്ഞു. വിശ്വാസികളെ ഒഴിവാക്കി വർഗീയതക്കെതിരായി പോരാടാൻ സാധിക്കില്ല. വർഗീയതയെ എതിർക്കാൻ വിശ്വാസികളെ ഉൾപ്പടെ ചേർത്താണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: M V Govindan says payyannur V Kunhikrishnan's issue is only local, and that it will be resolve there