

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ പുതിയ നീക്കവുമായി സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനാണ് സർക്കാർ നീക്കം. ചട്ടം 300 പ്രകാരം നാളെ വിദ്യാഭ്യാസ മന്ത്രി പ്രസ്താവന നടത്തും.
എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരിലെ ഒരു വിഭാഗവും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ആറാഴ്ച്ചത്തേക്ക് മാറ്റി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഭിന്നശേഷി സംവരണം സംബന്ധിച്ച വിഷയത്തിൽ നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ നീക്കമെന്നാണ് വിലയിരുത്തലുകള്‍.
ഭിന്നശേഷി സംവരണത്തിന് തസ്തികൾ മാറ്റിവെച്ചതോടെ നായര്‍ സര്‍വീസ് സൊസൈറ്റി സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി മറ്റു മാനേജുമെന്‍റുകള്‍ക്കും ബാധകമാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
നിലവിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 6,230 ജീവനക്കാര്‍ താൽക്കാലിക അടിസ്ഥാനത്തിലും 17,729 പേര്‍ ദിവസ വേതന അടിസ്ഥാനത്തിലുമാണ് ജോലിചെയ്യുന്നത്. ഭിന്നശേഷി നിയമനം പൂര്‍ണമാകാത്തതിനാല്‍ ഇവരെ സ്ഥിരപ്പെടുത്താനാകുന്നില്ല. 1538 മാനേജ്‌മെന്റുകൾ 1542 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.
പ്രസ്താവന ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ക്രൈസ്തവ സഭയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. സർക്കാർ നടപടി സ്വാഗതാർഹമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ അറിയിച്ചു. നിയമന ഉത്തരവുകൾ സർക്കാർ അംഗീകരിക്കണമെന്നും സഭയുടെ ആവശ്യങ്ങൾ ഫലം കണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ ഭിന്നശേഷി സംവരണ വിഷയത്തിൽ സുപ്രീംകോടതിയിൽ സർക്കാർ വാദത്തെ പിന്തുണയ്ക്കാൻ ക്രൈസ്തവ മാനേജ്മെന്റ് ഉൾപ്പെടെ ഒരു കോർപറേറ്റ് മാനേജ്മെന്റുകളും കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെ കേസിൽ സർക്കാർ വൻ തിരിച്ചടിയാണ് നേരിട്ടത്.
Content Highlights: Kerala Government Education Minister to make statement tomorrow with new move on reservation for differently-abled