

തിരുവനന്തപുരം: കാശുവേണ്ടാത്ത ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണെന്നുള്ള വിവാദ പ്രസ്താവനയില്‍ ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ക്ഷേമപദ്ധതികള്‍ ജനങ്ങളുടെ അവകാശമാണെന്ന എല്‍ഡിഎഫ് നയം അട്ടിമറിച്ച്, അവ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള സൗജന്യയാത്ര തുടങ്ങി കേവലം രണ്ട് മാസം പിന്നിടുമ്പോഴേക്കും അവര്‍ സൗജന്യയാത്രയ്ക്ക് ബസില്‍ തള്ളിക്കയറുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും അവഹേളനപരവുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനം. എന്നാല്‍, അധികാരത്തില്‍ എത്തിയപ്പോള്‍ അത് ഓര്‍ഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കി. ഇപ്പോള്‍, പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ ദാരിദ്ര്യം അഭിനയിക്കുന്നവരെന്ന് പരിഹസിക്കുക മാത്രമല്ല, സ്വകാര്യബസ് മേഖല പ്രതിസന്ധി നേരിടുന്നതിന് കാരണം അവര്‍ കെഎസ്ആര്‍ടിസിയില്‍ തള്ളിക്കയറുന്നതാണെന്ന് കൂടി നിര്‍ലജ്ജം ആരോപിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ കേവലം ഒരു നാക്കുപിഴയല്ല, മറിച്ച്, അതില്‍ മുഴച്ചുനില്‍ക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ നയസമീപനമാണ്. സാമ്പത്തികമായ മുന്നൊരുക്കങ്ങളില്ലാതെയും മതിയായ ഫണ്ട് അനുവദിക്കാതെയും സൗജന്യ യാത്ര നടപ്പിലാക്കിയത് കെഎസ്ആര്‍ടിസിയെ തകര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭരണതലത്തിലെ സ്വന്തം വീഴ്ചകള്‍ക്ക് സ്ത്രീകളെ പഴിചാരുകയാണ് ഗതാഗതമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തില്‍ കുടുംബിനികളുടെ കയ്യില്‍ പണമില്ലെന്ന് മന്ത്രി പുച്ഛിക്കുമ്പോള്‍, അവരുടെ ക്ഷേമത്തിനായി പ്രതിമാസം ആയിരം രൂപ വീതം നല്‍കി നടപ്പാക്കിയ 'സ്ത്രീ സുരക്ഷാ പദ്ധതി' മുടക്കിയത് ഈ സര്‍ക്കാരാണെന്നത് ഓര്‍ക്കണം. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രക്രിയയിലെ മാതൃകയായ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. കുടുംബശ്രീയിലെ കൂട്ട പിരിച്ചുവിടല്‍ അതിന്റെ സൂചനയാണ്. അഞ്ചരലക്ഷം പേര്‍ക്ക് വീട് നല്‍കിയ ലൈഫ് പദ്ധതിയും മുടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബജറ്റില്‍ പദ്ധതി തുടരാനാവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ പതിനാറ് ലക്ഷത്തോളം വരുന്ന നിര്‍ദ്ധനരായ സ്ത്രീകള്‍ക്കാണ് കൈത്താങ്ങ് ലഭിച്ചത്. യാതൊരു രാഷ്ട്രീയ പക്ഷപാതിത്വവുമില്ലാതെ നടപ്പിലാക്കിയ ഈ ജനകീയ പദ്ധതി ഇല്ലാതാക്കിയ ഈ സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി വഴി സൗജന്യയാത്ര നടത്തുന്ന നാമമാത്രമായ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചവിട്ടി മെതിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ നിലപാടിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- Kerala Chief Minister Pinarayi Vijayan criticized CP John’s statement, saying it blamed women for failures in governance