കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; കാറോടിച്ചത് ശ്രീറാമെന്ന മൊഴി മാറ്റി ദൃക്‌സാക്ഷി

2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; കാറോടിച്ചത് ശ്രീറാമെന്ന മൊഴി മാറ്റി ദൃക്‌സാക്ഷി
dot image

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി കൂറുമാറി. ആറാം സാക്ഷി ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് കൂറുമാറിയത്. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന മൊഴിയാണ് മാറ്റിയത്.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം.

വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.

അതേസമയം, കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. കെ എം ബഷീറിന്റെ ഭാര്യ സി ജസീലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിർദേശം. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്‍പര്യപ്രകാരമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിചാരണ നീതിപൂര്‍വ്വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസ് പരിഗണിച്ച സൈഷന്‍സ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Content Highlights: K M Basheer Case updates

dot image
To advertise here,contact us
dot image